സംസ്ഥാന ആര്‍ദ്ര കേരളം പുരസ്‌കാരം ഏറ്റുവാങ്ങി ഇടുക്കി ജില്ലാ പഞ്ചായത്ത്. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം ജില്ലാ പഞ്ചായത്തിന് സമ്മാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ ആരോഗ്യമേഖലയില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരമായിട്ടാണ് ഇടുക്കി ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. പത്തുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരമായി പഞ്ചായത്തിന് ലഭിച്ചത്. 2024 -25 വര്‍ഷത്തെ കായകല്പ അവാര്‍ഡില്‍ മൂന്നാം സ്ഥാനം മുന്‍പ് ലഭിച്ചിരുന്നു.
തൊടുപുഴ ജില്ലാ ആശുപത്രി, മുട്ടം ആയുര്‍വേദ ജില്ലാ ആശുപത്രി, മുട്ടം ഹോമിയോപ്പതി ജില്ലാ ആശുപത്രി, പാറേമാവ് ആയുര്‍വേദ അനക്‌സ് ആശുപത്രി, എന്നിവിടങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ആര്‍ദ്ര കേരളം പുരസ്‌കാരം ലഭിച്ചത്. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് അലോപ്പതി മരുന്നുകള്‍ക്ക് 1.71 കോടി രൂപ ചെലവഴിക്കുകയും കൂടാതെ ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ക്കും ആരോഗ്യം- അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ- സംസ്ഥാന ആരോഗ്യപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങിയവയിലെ മികച്ച പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണിത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ആരോഗ്യം -വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജി സത്യന്‍, സ്ഥാപനമേധാവികള്‍ തുടങ്ങിയവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാതലത്തില്‍ വിവിധ സ്ഥാനങ്ങള്‍ നേടിയ പഞ്ചായത്തുകളും പുരസ്‌കാരം ഏറ്റുവാങ്ങി.
