ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വർഷത്തെ സമഗ്ര വികസന നേട്ടങ്ങൾ അവതരിപ്പിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ കെ.പി. സലീം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വഴിക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്യാം പ്രകാശ് ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളും അവതരിപ്പിച്ചു.
അഞ്ച് വർഷകലയളവിനുള്ളിൽ 745 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകി. 41 ഹരിതകർമസേനാ അംഗങ്ങളെ ഉപയോഗിച്ച് 100 ശതമാനം വാതിൽപടി മാലിന്യ ശേഖരണവും നടത്തി വരുന്നു. പാലിയേറ്റീവ് രോഗികൾക്ക് മരുന്ന്, പരിചരണം എന്നിവക്ക് വേണ്ടി 62 ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. അങ്കണവാടികളെ സ്മാർട്ട് ആക്കൽ, കുളം നവീകരിക്കൽ, കമ്പോസ്റ്റ് നിർമാണം തുടങ്ങി ഒട്ടേറെ പാശ്ചാത്തല വികസന പ്രവർത്തനങ്ങളും ഭരണസമിതി നടത്തി വരുന്നു.
വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് മെമ്പർമാരായ ബാബു ഏലക്കാടൻ, അനിജ സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
