കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ചിക്കണാമ്പാറ മാര്‍ക്കറ്റ് കോംപ്ലക്‌സ് നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന് കീഴില്‍ എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ് ടോപ്പ് വിതരണം, വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം, സ്‌കൂളുകള്‍ക്കുള്ള സ്‌പോര്‍ട്സ് കിറ്റ് വിതരണം, കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ധനസഹായ വിതരണവും നടന്നു.

5. 55 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നത്. ചിക്കണാമ്പാറയില്‍ 45 സെന്റ് സ്ഥലത്ത് നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി 2167 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് നില കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ നിലയിലും 25 കടമുറികള്‍, ശുചിമുറി, ലിഫ്റ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിക്കണാമ്പാറയില്‍ നടന്ന പരിപാടിയില്‍ കെ ബാബു എംഎല്‍എ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശാലിനി കറുപ്പേഷ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ചിന്നുക്കുട്ടന്‍, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാല്‍, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഗിരിജ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പഴണിമല, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ആര്‍.ശിവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.സി ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ഇ ഉണ്ണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റു മെമ്പർമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.