ചിറ്റൂര്‍ മണ്ഡലത്തില്‍ ജലവിഭവ മേഖലയില്‍ 953 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പുന:നിര്‍മ്മാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് തെങ്ങ് കര്‍ഷകര്‍ക്ക് മാത്രമായി ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയുന്നതെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പ് 2022-23 വര്‍ഷത്തെ ബജറ്റില്‍ 3.07 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി. ശാന്തകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷിപുരത്തെ 1200 ഹെക്ടര്‍ തെങ്ങിന്‍ തോപ്പുകള്‍ക്ക് ജലവിതരണം നടത്തുന്നതിനായി 1991 ലാണ് സ്ഥാപിച്ചത്. 1998 ല്‍ പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമായി. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്നുള്ള ജലമാണ് ഇവിടേക്കുള്ള ജലസ്രോതസ്സ്.

രണ്ടു സ്റ്റേജ് ലിഫ്റ്റിങ് വഴി ജലവിതരണം നടത്തിയിരുന്ന മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമില്‍, കാലപ്പഴക്കം മൂലം മോട്ടോറുകളും മറ്റും നന്നാക്കാന്‍ ആവാത്ത വിധം കേടുപാടുകള്‍ സംഭവിച്ചു. 2018 മുതല്‍ പ്രവര്‍ത്തനരഹിതമാണ്. രണ്ടു സ്റ്റേജ് ലിഫ്റ്റിങ്ങില്‍ ഒരു ലിഫ്റ്റിങ് തകരാറിലായാല്‍ പോലും ജലവിതരണം മുഴുവനായും തടസ്സപ്പെടുന്ന ആയതിനാല്‍ അപാകതകള്‍ പരിഹരിക്കുന്നതിനും ഭീമമായ ഇലക്ട്രിസിറ്റി ചാര്‍ജ്ജും ഒഴിവാക്കുന്നതിനായാണ് പുനര്‍ നിര്‍മാണം നടത്തുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാധാകൃഷ്ണന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സുരേഷ്, ക്ഷേമകാര്യ സ്റ്റാലിന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാനന്ദിനി മറ്റു മെമ്പറുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.