സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ഇന്ത്യന്‍ തപാല്‍ വകുപ്പുമായി സഹകരിച്ച് ബിഎല്‍ഒമാരുടെ ഫോട്ടോ പതിച്ച മൈ സ്റ്റാമ്പ് പുറത്തിറക്കിയാണ് എസ്‌ഐആര്‍ നടപടിക്രമം ഡിജിറ്റലൈസ് ചെയ്ത് നൂറ് ശതമാനം കൈവരിച്ച ബിഎല്‍ഒമാരെ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ആദരിച്ചത്.

തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ ആദ്യം എസ്‌ഐആര്‍ പൂര്‍ത്തിയാക്കിയ അനസ് ഒ.ഇ., ഇബ്രാഹിം എന്‍.എസ്., സിന്ധു നാരായണന്‍ എന്നീ മൂന്ന് ബി.എല്‍.ഒ മാരെയാണ് ജില്ലാ കളക്ടറുടെ ചേംബറില്‍ ആദരിച്ചത്. ഇത്തരത്തില്‍ ബിഎല്‍ഒമാരെ ഇന്ത്യാ പോസ്റ്റ് മൈ സ്റ്റാമ്പ് ഷീറ്റുകള്‍ നല്‍കി ആദരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നിയമസഭാമണ്ഡലമായി മാറി തൊടുപുഴ മാറി.

എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം, ശേഖരണം, ഡിജിറ്റലൈസേഷന്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ബി. എല്‍. ഒമാര്‍ പൂര്‍ത്തിയാക്കിയത്. സ്വന്തം പതിച്ച 12 സ്റ്റാമ്പുകളുടെ ഫ്രെയിം ചെയ്ത ഷീറ്റ് ബിഎല്‍ഒമാര്‍ക്ക് നല്‍കി. ഈ സ്റ്റാമ്പുകള്‍ പൂര്‍ണ്ണമായും നിയമപരവും ഇന്ത്യയിലുടനീളം കത്തുകള്‍ പോസ്റ്റുചെയ്യാന്‍ ഉപയോഗിക്കാവുന്നതുമാണ്. ജനാധിപത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകവും എന്നാല്‍ പലപ്പോഴും കാണാത്തതുമായ പങ്കാണ് ബി. എല്‍. ഒ. മാര്‍ വഹിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ചിത്രം: തൊടുപുഴ നിയോജകമണ്ഡലത്തില്‍ എസ്‌ഐആര്‍ പൂര്‍ത്തിയാക്കിയ ബില്‍ഒമാരെ സ്റ്റാമ്പ് നല്‍കി ജില്ലാകളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ആദരിക്കുന്നു.