ലീപ് ഇടുക്കിയും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി കുട്ടിക്കാനം മരിയന്‍ കോളേജില്‍ ‘യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍’  സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.  മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിമോന്‍ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അഷിത ചന്ദ്രന്‍  മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു.

രാജ്യത്തിന്റെ പുരോഗതിയില്‍ ഒരു പൗരന്റെ പവറായ വോട്ടവകാശം യുവജനങ്ങള്‍ ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാനാണ് ജെന്‍ സി മോഡല്‍ ബോധവല്‍ക്കരണ പരിപാടിയായ യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. യുവജനത വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പ് പ്രക്രിയ, ജനാധിപത്യ മൂല്യങ്ങള്‍, ഉത്തരവാദിത്വമുള്ള പൗരത്വം എന്നിവയെ കുറിച്ചു ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക്  തിരഞ്ഞെടുപ്പ്   ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി. കൂടാതെ വിവിധ കലാപരിപാടികള്‍,റീല്‍സ് പ്രദര്‍ശനം, ഇന്‍ട്രാക്ടീവ് സെക്ഷനുകള്‍, നാടന്‍ കളികള്‍, ക്വിസ് മത്സരം, ഹരിത തിരഞ്ഞെടുപ്പ് സിഗ്‌നേച്ചര്‍ കാമ്പയിന്‍ തുടങ്ങിയ പരിപാടികളും നടന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ ലീപ് നടത്തുന്ന ജില്ലയിലെ രണ്ടാമത് വോട്ടിങ് ഫെസ്റ്റിവല്‍ ആണിത്. പരിപാടിയില്‍ ലീപ് ഇടുക്കി നോഡല്‍ ഓഫീസറും തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ അനീസ് ജി, തദ്ദേശ വകുപ്പ് ഇടുക്കി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രവീണ്‍ വാസു,  ജില്ലാ ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു.