തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ ചെങ്ങന്നൂർ നഗരസഭ പോളിംഗ് നടത്തിപ്പിൽ ഇത്തവണ വനിതകളുടെ സർവ്വാധിപത്യം കൊണ്ട് ശ്രദ്ധേയമായി. ഈ നഗരസഭയിലെ 27 പോളിംഗ് സ്റ്റേഷനുകളും ഇത്തവണ വനിത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരയായിരുന്നു വോട്ടൊടുപ്പ് നയിച്ചത്. ഇവിടങ്ങളിൽ പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ 1, പോളിംഗ് ഓഫീസർ 2 എന്നിവർ എല്ലാം വനിതകളായിരുന്നു.
നഗരസഭയുടെ റിട്ടേണിംഗ് ഓഫീസർ ചെങ്ങന്നൂർ ആർ.ഡി.ഒ ടി.ഐ വിജയസേനാണ്. വൈകിട്ട് നാലുമണിയോടെ ഈ നഗര സഭയിൽ 61.89 ശതമാനം പോളിംഗ് വിജയകരമായി വേഗത്തിൽ പൂർത്തീകരിക്കുവാൻ കഴിഞ്ഞു.
വനിതാ പോളിംഗ് ഉദ്യോസ്ഥർക്ക് ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ നിർദ്ദേശ പ്രകാരം എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസം ഇവർക്ക് എല്ലാം പ്രഭാത ഭക്ഷണം നൽകിയിരുന്നു. പോളിംഗ് സമാപിച്ചതിനുശേഷവും ഇവർക്ക് നൽകുവാൻ ലഘു ഭക്ഷണവും എത്ര ദൂരമാണെങ്കിലും തിരിച്ചു പോകുവാൻ വാഹന സൗകര്യവും തയ്യാറാക്കിയിരുന്നു. പോളിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് ഇവരെയെല്ലാം ആദരിക്കും എന്ന്
ആർ ഡി ഒ വിജയസേനൻ പറഞ്ഞു. റിസർവിൽ ഉണ്ടായിരുന്ന വനിത ഉദ്യോഗസ്ഥർക്കും എല്ലാ വിധ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിരുന്നു.
ചെങ്ങന്നൂർ നഗരസഭയിലെ വണ്ടിമല വാർഡ്, കോടിയാട്ടുകര, പുത്തൻകാവ് ഈസ്റ്റ്, മലയിൽ വാർഡ്, ഇടനാട് ഈസ്റ്റ്, തിട്ടമേൽ വാർഡ്, ടൗൺ വാർഡ്, ഇടനാട് വെസ്റ്റ്, ഹാച്ചറി, അങ്ങാടിക്കൽ സൗത്ത്, റെയിൽവേ സ്റ്റേഷൻ, ശാസ്താം കുളങ്ങര, ആറാട്ടുകടവ്, ബഥേൽ, മിത്രപ്പുഴ, വലിയ പള്ളി വാർഡ്, വാഴാർമംഗലം, മുണ്ടൻകാവ്, ടെമ്പിൾ വാർഡ്, മംഗലം സൗത്ത്, മംഗലം നോർത്ത്, പാണ്ടവൻപാറ, അംഗാടിക്കൽ വാർഡ്, കോളേജ്, മൂലപ്പടവ് എന്നിവിടങ്ങളിലെ പോളിംഗ്
സ്റ്റേഷനുകളാണ് വനിതകൾ നയിച്ചത്.
