തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനും മേൽ നോട്ടം വഹിച്ചും മാധ്യമങ്ങൾക്ക് തൽസമയ വിവരങ്ങൾ പങ്കുവെച്ചും കളക്ട്രേറ്റിലെ ജില്ലാതല കൺട്രോൾ റൂം. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ്, പൊതു നിരീക്ഷക കെ. ഹിമ, ഇലക്ഷൻ ഡെപ്യൂട്ടി
കളക്ടർ എസ് ബിജു എന്നിവരുടെ മേൽനോട്ടത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ 60 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റ തത്സമയ നിരീക്ഷണത്തിന് പ്രത്യേക വിഭാഗം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ മണിക്കൂർ ഇടവിട്ട് ബൂത്തുകളിൽ നിന്നുള്ള പോളിംഗ് വിവിരങ്ങൾ പോൾ മാനേജർ ആപ്പിലൂടെ പ്രിസൈഡിംഗ് ഓഫീസർമാർ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

ഇതിൻ്റെ നിയന്ത്രണവും ഇവിടെ നിന്നാണ്. കൂടാതെ ബൂത്തുകളുടെ പ്രവർത്തനങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയെല്ലാം കാമറയിലൂടെ നിരീക്ഷിച്ച് ആവശ്യമായ നടപടികൾ എടുക്കുന്നത് കൺട്രോൾ റൂം ആണ്. 50 ഓളം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ മാധ്യമങ്ങൾക്ക് തത്സമയ വിവരങ്ങൾ നൽകുവാൻ പി ആർ ഡിയുടെ ടീമും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

പോൾ മാനേജർ ആപ്പിൻ്റെ നോഡൽ ഓഫീസർ ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ കെ കെ മോഹനനും വെബ് കാസ്റ്റിംഗ് ലൈവിൻ്റെ നോഡൽ ഓഫീസർ കേരള സ്റ്റേറ്റ് ഐറ്റി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ വിഷ്ണു കെ മോഹനും ആണ്. റവന്യൂ, അക്ഷയ പദ്ധതി, കെൽട്രോൺ, പൊലീസ്, പി ആർ ഡി, എൻ ഐ സി, ബി എസ് എൻ എൽ തുടങ്ങിയ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരെയാണ് ഇവിടെക്കായി നിയോഗിച്ചിരിക്കുന്നത്