മൃഗസംരക്ഷണ വകുപ്പിന്റ നേതൃത്വത്തില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം ഏഴാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പും മൂന്നാം ഘട്ടം ചര്‍മമുഴ രോഗ പ്രതിരോധ കുത്തിവെപ്പും തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഊരകം വെറ്ററിനറി ഡിസ്പെന്‍സറി ഹാളില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷൗക്കത്തലി വടക്കുംപാടം നിര്‍വ്വഹിച്ചു. സംസ്ഥാനത്തൊട്ടാകെ ഡിസംബര്‍ 17 മുതല്‍ 30 വരെയാണ് കുത്തിവെപ്പ് നടക്കുന്നത്. കര്‍ഷകര്‍ക്ക് വളരെയേറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഈ വൈറസ് രോഗം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാകുന്നത്.

ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എ. ഷമീം, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍മാരായ ഡോ. ബിന്ദു, ഡോ. സലില്‍, താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുരളി, ഊരകം വെറ്ററിനറി സര്‍ജന്‍ ഡോ. വസീം മിര്‍സാബ്, ക്ഷീരകര്‍ഷകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.