വരുമാനദായക തൊഴില്‍ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുക, സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാതല ക്യാമ്പയിന്‍- ‘ഉയരെ’- ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ക്യാംപയിനില്‍ സുസ്ഥിര തൊഴിലും വരുമാനവും നേടുന്നതിലൂടെ തങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ മുന്നേറ്റത്തെക്കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്തുകയും വിവിധ തൊഴില്‍ രംഗങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, എന്നിവയുമായുള്ള സംയോജനവും ഉറപ്പാക്കും.

ക്യാംപയിനിന്റെ മുന്നോടിയായി ഓരോ ജില്ലയില്‍ നിന്നുമുള്ള ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, വിഷയവിദഗ്ധര്‍ ഉള്‍പ്പെടെയുള്ള 70 റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് സംസ്ഥാനതല ദ്വിദിന പരിശീലനം സംഘടിപ്പിച്ചിരുന്നു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ 22-ാം തീയതി നടത്തുന്ന ജില്ലാതല ക്യാംപയിന്‍ പരിശീലനത്തിന് നേതൃത്വം വഹിക്കും. ജില്ലയിലെ ഓരോ സി.ഡി.എസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് റിസോഴ്സ് പേഴ്സണ്‍മാര്‍ വഴിയാണ് വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും, ലിംഗ വ്യത്യാസം, ലിംഗപദവി, ലിംഗനീതി തുടങ്ങിയ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളിലേക്ക് എത്തിക്കുന്നത്. അഞ്ച് ആഴ്ചകളിലായി അയല്‍ക്കൂട്ട തലത്തില്‍ വിവിധ ചര്‍ച്ചകളും പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ജെന്‍ഡര്‍ ചുമതലയുള്ള എ.ഡി.എം.സി, ഡി.പി.എം എന്നിവരുടെ നേതൃത്വത്തില്‍ ‘ഉയരെ’ ക്യാംപയിന്റെ ജില്ലാതല മോണിറ്ററിങ് ബ്ലോക്ക് കോഡിനേറ്റര്‍മാര്‍ മുഖേനയാണ് നടത്തുക.