ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്   ചിത്താരിപ്പുഴയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളോടുകൂടി തുടക്കമായി.ഇതിന്റെ ഭാഗമായി ജലജീവനം അതിജീവനത്തിന് എന്ന പേരില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഡിസംബര്‍ 8 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഒന്നു വീതം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചിത്താരിപ്പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചിത്താരി അള്ളന്‍കോട് പാലത്തിന് സമീപം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷനായി. പുഴയുടെ സമീപത്ത്  അടിഞ്ഞുകൂടിയ ജൈവമാലിന്യങ്ങളു,പ്ലാസ്്റ്റിക് മാലിന്യങ്ങളും ജനപ്രതിനിധികളുടെയും,വിവിധ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. പ്രവര്‍ത്തന ങ്ങളുടെ തുടര്‍ച്ചയായി ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടയും നേതൃത്വത്തില്‍ ചിത്താരി പുഴയുടെ വിവിധ പ്രദേശങ്ങളില്‍ ജനകീയ കൂട്ടായ്മകളുണ്ടാക്കി ശുചീകരണ- നവീകരണ പ്രവര്‍ത്തനങ്ങളും, പുഴയോരത്ത് സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും.  പരിപാടയില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, കുന്നത്ത് കരുണാകരന്‍, ബി ബാലകൃഷ്്ണന്‍, എന്‍ കുഞ്ഞമ്പു, വി കുഞ്ഞിരാമന്‍,കെ ഓമന, തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എം പി സുബ്രമണ്യന്‍ സ്വാഗതവും സുരേഷ് കസ്തൂരി നന്ദിയും പറഞ്ഞു.