കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടന പരിപാടിക്ക് മാറ്റ് കൂട്ടി കണ്ണൂരിന്റെ തനത് കലാരൂപങ്ങളും. രാവിലെ 8 മണിയോടെ ആരംഭിച്ച കലാപരിപാടികൾ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, വൈസ് പ്രസിഡന്റ് പി അനില, മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൺ അനിത വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ തുടങ്ങിയവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മട്ടന്നൂർ ശങ്കരൻകുട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിലുള്ള കേളികൊട്ട്, മധുമതി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള തിരുവാതിര, പഴശ്ശിരാജ കളരി അക്കാദമിയുടെയും ഏച്ചൂർ വിശ്വഭാരതി കളരി അക്കാദമിയുടെയും കളരിപ്പയറ്റ്, ബർണ്ണശേരി മുദ്ര കലാക്ഷേത്രയുടെ മോഹിനിയാട്ടം, ഒപ്പന, വനിതകളുടെ കോൽക്കളി, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും ഏഴിമല നാവിക അക്കാദമിയുടെ നേതൃത്വത്തിൽ ബാന്റ് മേളവും വേദിയിൽ അരങ്ങേറി. ആയോധനകലയിലെ കണ്ണൂർ പെരുമ വിളിച്ചോതുന്നതായിരുന്നു കളരി അഭ്യാസ പ്രകടനങ്ങൾ, തുടർന്ന് അരങ്ങേറിയ വനിത കോൽക്കളിയും കാണികൾക്ക് കൗതുകമായി.