കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നാളികേര കൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എല്ലാ പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം എന്നതില്‍ നിന്നു മാറ്റി മൂന്ന് കൊല്ലത്തേക്ക് പദ്ധതി ദീര്‍ഘിപ്പിക്കും. നാളികേരാധിഷ്ഠിതമായ എല്ലാ മേഖലകളുമായി ചേര്‍ന്ന് കൊണ്ടുള്ള ഏകോപനത്തോടുകൂടി കോക്കനട്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപീകരിച്ചു. 2018-മുതല്‍ 2028 വരെയുള്ള മിഷന്‍ എന്ന നിലയിലാണ് കോക്കനട്ട് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 7.81 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് സംസ്ഥാനത്ത് നിലവില്‍ നാളികേരം ഉദ്പ്പാദിപ്പിക്കുന്നത്. 2019 ആകുമ്പോഴേക്കും 9.6 ലക്ഷം ഹെക്ടര്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്. ഉദ്പ്പാദന ക്ഷമത 6696ല്‍ നിന്ന് 8500 ആക്കി ഉയര്‍ത്താനുള്ള നടപടികളും സ്വീകരിക്കും.
ഓരോ വാര്‍ഡുകളിലും 75 തെങ്ങിന്‍ തൈകള്‍വീതം സംസ്ഥാനത്ത് ആദ്യ വര്‍ഷം 15 ലക്ഷത്തിലധികം ഗുണനിലവാരമുള്ള തൈകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാളികേര കൃഷിയില്‍ നിന്ന് അഞ്ച് ശതമാനം മാത്രമേ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുള്ളു. ഇത് 45 ശതമാനമാക്കി ഉയര്‍ത്താനാവശ്യമായ സംരഭങ്ങള്‍ ആരംഭിക്കുകയെന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ക്കടക്കം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കോഴിക്കോട് വേങ്ങേരിയില്‍ നാളികേരാധിഷ്ഠിത മാര്‍ക്കറ്റായ നാളികേര ഹബ് സ്ഥാപിക്കും. ഉദ്പ്പാദന ക്ഷമതയും ഗുണനിലവാരവും ഉറപ്പു വരുത്തി കര്‍ഷകരെ നാളികേര കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരികയും വന്നവരെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിനുമാവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രളയാനന്തരമുള്ള കാര്‍ഷികമേഖലയുടെ വീണ്ടെടുപ്പിന് വേണ്ടി നടപ്പാക്കുന്ന പുനര്‍ജനി  പദ്ധതിയില്‍ പച്ചക്കറിതൈ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പുഷ്‌കരന്‍ റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള  ജലസേചന പമ്പ്സെറ്റ്, തെങ്ങ് കയറ്റയന്ത്രം തുടങ്ങിയവ വിതരണം ചെയ്തു. മികച്ച കര്‍ഷകരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കര്‍ഷകരുടെ മക്കളായ ഫാത്തിമ സോന, ആന്‍മരിയ എന്നിവരെയും  മികച്ച ചങ്ങാതിക്കൂട്ടം അംഗം വിനോദ് പിലാക്കണ്ടിയെയും ചടങ്ങില്‍ ആദരിച്ചു.
ആത്മ പ്രോജക്ട് ഡയരക്ടര്‍ ലേഖ കാര്‍ത്തിക, ഗ്രാമപഞ്ചായത്ത് സമിതി ചെയര്‍മാന്മാരായ മദാരി ജുബൈരിയ, പി സി തോമസ്, ബേബി ബാബു, ബ്ലോക്ക് പഞ്ചായത്ത്മെമ്പര്‍മാരായ ബീനജോര്‍ജ് ,റംല ഒ.കെ.എം.കുഞ്ഞി, പഞ്ചായത്തംഗങ്ങളായ കെ വി അബ്ദുല്‍അസീസ്, എ ടി ഹരിദാസന്‍, ഷാഹിം ഹാജി, ഇന്ദിര ശ്രീധരന്‍, വത്സല കനകദാസ്, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍മാരായ ആര്‍ ബിന്ദു, അയിഷ, സുഷമ, കൃഷി അസി. ഡയരക്ടര്‍ ഇന്‍ചാര്‍ജ് ടി.കെ നസീര്‍, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയരമാന്‍  കെ ആര്‍ രാജന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍  കെ.പി ഷൈനി, ടി.സി വാസു, പ്രേജി ജെയിംസ്, എന്‍ രവി, ഷാന്‍ കട്ടിപ്പാറ, കെ വി സെബാസ്റ്റ്യന്‍, എന്‍ ഡി ലൂക്ക, കരീം പുതുപ്പാടി, സലീം പുല്ലടി, കേരഗ്രാമം ഭാരവാഹികളായ കെ ആര്‍ ബിജു ,ഇമ്മാനുവല്‍ വളവനാനിക്കല്‍, സെബാസ്റ്റ്യന്‍ മുറിയം വേലില്‍, കേളപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് സ്വാഗതവും കൃഷിഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.