കുഷ്ഠരോഗത്തെ ഇല്ലാതാനുള്ള ഉദ്യമത്തില്‍ ജനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും ഉണ്ടാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ ഒട്ടേറെ മുന്നേറിയിട്ടുള്ള ജില്ലയില്‍ കുഷ്ഠരോഗത്തെ ഇല്ലാതാക്കാനുള്ള ഉദ്യമത്തില്‍ ജനങ്ങള്‍ക്കൊപ്പം ജില്ലാ പഞ്ചായത്തും ജനപ്രതിനിധികളും മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പറഞ്ഞു. ജില്ലയില്‍ കുഷ്ഠരോഗത്തെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം നഗരസഭാ വൈസ് ചെയര്‍മാന്‍ ജിതേഷ് ജി. അനില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി മുഖ്യപ്രഭാഷണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് പദ്ധതി വിശദീകരണവും നടത്തി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോട്ടപ്പടിയിലെ 19-ാം വാര്‍ഡിലെ ആറ് വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ നിര്‍ണയത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് സംസാരിക്കുകയും ആരോഗ്യ-ആശാ പ്രവര്‍ത്തകര്‍ രോഗനിര്‍ണയം നടത്തുകയും ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ജിതേഷ് ജി. അനില്‍, കൗണ്‍സിലര്‍ യമുന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. എന്‍.എന്‍ പമീലി, ഡോ. വി. ഫിറോസ് ഖാന്‍, മലപ്പുറം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാലന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ പി. രാജന്‍, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ, വാര്‍ഡ് കൗണ്‍സിലര്‍ യമുന, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ആശ- ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭവന സന്ദര്‍ശനം 20 വരെ
കുഷ്ഠരോഗ കേസുകള്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി പൂര്‍ണമായും സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന യജ്ഞമാണ് അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടി. കുഷ്ഠരോഗത്തെ പൂര്‍ണമായി ഇല്ലാതാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഭവന സന്ദര്‍ശനത്തിലൂടെ രോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സ നല്‍കുക, രോഗവ്യാപനം തടയുക, സമൂഹത്തില്‍ ബോധവത്ക്കരണം വര്‍ധിപ്പിക്കുക എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. ക്യാംപയിന്റെ ഭാഗമായി വീടുതോറും പരിശോധന, സംശയമുള്ള കേസുകളുടെ വിശദമായ ആരോഗ്യപരിശോധന, ആവശ്യമായ ലാബ് പരിശോധനകള്‍, സൗജന്യ ചികിത്സക്കുള്ള റഫറല്‍ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. കുഷ്ഠരോഗം പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണെന്നും സമയബന്ധിത ചികിത്സയിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കാനാകുമെന്നും പൊതുജനങ്ങളെ അറിയിക്കും.
കുഷ്ഠരോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും സാമൂഹിക വിവേചനവും ഇല്ലാതാക്കുന്നതിനായി ബോധവത്ക്കരണ ക്ലാസുകള്‍, ലഘുലേഖ വിതരണം, കൗണ്‍സലിങ് സേവനങ്ങള്‍ എന്നിവയും ക്യാംപയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ ഭവന സന്ദര്‍ശനത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശമാരുള്‍ക്കൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ജനുവരി 20 വരെ ജില്ലയിലെ വീടുകള്‍ സന്ദര്‍ശിക്കും. 10,82,232 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. രണ്ടു വയസിന് മുകളില്‍ പ്രായമുള്ള 49,90,244 പേരെ കണ്ടെത്തി രോഗനിര്‍ണയം നടത്തും. ഇതിനായി 15 ആരോഗ്യ ബ്ലോക്കുകളുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ 3215 സംഘം 643 സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. ഈ സന്ദര്‍ഭത്തില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. രോഗം തുടക്കത്തിലേ കണ്ടെത്തി തടയുകയാണ് ലക്ഷ്യം. രോഗം ബാധിച്ച വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ വളരെ രഹസ്യമായിട്ടായിരിക്കും രോഗവിവരം സൂക്ഷിക്കുക. ഇതിനുള്ള ചികിത്സയും സൗജന്യമാണ്.
രോഗം
ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖമാണ് കുഷ്ഠരോഗം. രോഗം ബാധിച്ചവര്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ നേരിട്ട് സംസാരിക്കുകയോ ചെയ്യുമ്പോള്‍ അതുവഴി അസുഖം പകരും. മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണു വര്‍ഷങ്ങളോളം യാതൊരുവിധ പ്രശ്‌നങ്ങളും സൃഷ്ടിക്കാതെ നില്‍ക്കും. എന്നാല്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം ആകുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. തൊലിപ്പുറത്തെ നിറംമങ്ങിയ പാടുകള്‍, തടിച്ച ഞരമ്പുകള്‍, അരികുകള്‍ വ്യക്തമല്ലാത്തതും സ്പര്‍ശന ശേഷിയില്ലാത്തതുമായ വെളുത്തതോ ചുവന്നതോ ആയ അടയാളം, വേദന ഇല്ലാത്ത മുറിവുകള്‍, ശരീരത്തിലെ നിറംമാറ്റം, ഉറച്ച ത്വക്ക് പാടുകള്‍, അനുഭൂതിക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തുടക്കത്തിലേ കണ്ടെത്തിയാല്‍ ആറുമുതല്‍ 12 മാസംകൊണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനുള്ള ചികിത്സ ലഭ്യമാണ്. ആരോഗ്യ പരിശോധന, ലാബ് പരിശോധന, ചികിത്സ തുടങ്ങിയവ സൗജന്യമായി ലഭിക്കും.
ജില്ലയില്‍ 36 കേസുകള്‍
കുഷ്ഠരോഗവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 36 കേസുകളാണ്. നേരത്തെ 32 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം നാല് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 36 ആയി.
