ഗോത്രജനതയുടെ അതിജീവനത്തിന് കായിക മാമാങ്കത്തിലുടെ പുതിയൊരു ദിശാബോധം പകര്‍ന്ന് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന് നിലമ്പൂര്‍ ട്രൈബല്‍ സ്പെഷ്യല്‍ പ്രോജക്ട് ജനുവരി 24, 25, 26 തീയതികളില്‍ സംഘടിപ്പിച്ച അഞ്ചാമത് നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ദിനമോസ് റോക്ക്സ്റ്റാര്‍ വരടേംപാടവും ചാലിയാറും കിരീടം ചൂടി. 41 പുരുഷ ടീമുകളും എട്ട് വനിതാ ടീമുകളും അണിനിരന്ന മത്സരങ്ങള്‍ക്കൊടുവില്‍ പുരുഷ വിഭാഗത്തില്‍ ഫോഴ്സ മുണ്ടേരിയെ തകര്‍ത്ത് ദിനമോസ് റോക്ക്സ്റ്റാര്‍ വരടേംപാടം ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ പോത്തുകല്ല് ടീമിനെ പരാജയപ്പെടുത്തി ചാലിയാര്‍ ടീം ജേതാക്കളായി.
നിലമ്പൂര്‍ അമല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ഫോഴ്സ മുണ്ടേരിയും, അറ്റ്ലാന്റ പരിയങ്ങാടിനെ പരാജയപ്പെടുത്തി റിയല്‍ വാരിയേഴ്സ് പെരുവമ്പാടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത മികവില്‍ റിയല്‍ വാരിയേഴ്സിലെ സുരേന്ദ്രന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെ മികച്ച പ്രകടനത്തിന് ഫോഴ്സ മുണ്ടേരിയുടെ സുധീഷ് പ്ലെയര്‍ ഓഫ് ദി ഫൈനല്‍ പുരസ്കാരവും സുമിഷ് മികച്ച ഗോള്‍ കീപ്പര്‍ പുരസ്കാരവും നേടി. പുന്നക്കാടന്സ് എഫ്. സി പന്നിയാന്മലയുടെ വിശാല്‍ ആണ് ടോപ് സ്കോറര്‍ പട്ടം സ്വന്തമാക്കിയത്.
വനിതാ വിഭാഗത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ചാലിയാര്‍ ടീമിനായി സുവര്‍ണ്ണ മൂന്ന് പ്രധാന പുരസ്കാരങ്ങള്‍ (പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, ടോപ് സ്കോറര്‍, പ്ലെയര്‍ ഓഫ് ദി ഫൈനല്‍) ഏറ്റുവാങ്ങി. മികച്ച ഗോള്‍ കീപ്പര്‍ ആയി ചാലിയാറിലെ ഗായത്രിയെയും മികച്ച ഡിഫെന്‍ഡറായി അഞ്ജലിയെയും തിരഞ്ഞെടുത്തു. കുടുംബശ്രീയുടെ ചരിത്രത്തില്‍ ആദ്യമായി കരുളായി ഗ്രാമപഞ്ചായത്തിലെ ചോലനായ്ക്ക വിഭാഗത്തിലെ മാഞ്ചീരി ഉന്നതിയില്‍ നിന്നും മാഞ്ചീരി ബോയ്സ് ടീം സൗഹൃദ മത്സരത്തിലൂടെ തുടക്കം കുറിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ ടി.വി. പ്രസാദ്, നിലമ്പൂര്‍ ട്രൈബല്‍ സ്പെഷ്യല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കെ.കെ. മുഹമ്മദ് സാനു, പോലീസ് ഓഫീസര്‍ മനോജ്, ജനമൈത്രി എക്സൈസ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഓഫീസര്‍ ആര്.പി സുരേഷ് ബാബു, മറ്റ് കുടുംബശ്രീ ഉദ്യോഗസ്ഥര്‍, ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍, വിവിധ നഗറുകളില്‍ നിന്നായി 2000ത്തിലധികം ആളുകള്‍ മൂന്ന് ദിവസത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.
