പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കാൻ സർഗവിദ്യാലയം പദ്ധതിയുമായി സർക്കാർ. നൂതന ആശയങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് സർഗവിദ്യാലയം പദ്ധതി. സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. നൂതന പ്രവർത്തനങ്ങൾ കണ്ടെത്താനും മികവ് നിലനിർത്താനുമായി സ്‌കൂളുകളിൽ അക്കാദമിക മാസ്റ്റർപ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 12ന് ഉച്ചയ്ക്ക് തരിയോട് എസ്.എ. എൽ.പി. സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിർവഹിക്കും. ചടങ്ങിൽ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനിൽ അധ്യക്ഷത വഹിക്കും.
സമ്പൂർണ മാതൃഭാഷാശേഷി ആർജന പരിപാടിയായ ‘മലയാളത്തിളക്കം’ ബ്ലോക്ക് തല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിൻസി സണ്ണി ഡ്രോപ് ഔട്ട് ഫ്രീ വിദ്യാലയ പ്രഖ്യാപനം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പ്രഭാകരൻ ‘ഞങ്ങൾ രചിക്കുന്നു, ഞങ്ങൾ മുന്നേറുന്നു’ എന്ന കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്യും. ഹെഡ്മിസ്ട്രസ് നിഷ ദേവസ്യ സർഗവിദ്യാലയം സ്‌കൂൾ പദ്ധതി അവതരണം നടത്തും. വയനാട് ഡയറ്റ് സീനിയർ ലക്ചറർ കെ.ജെ. മോളി സർഗവിദ്യാലയം ഫണ്ട് കൈമാറും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുടെ പ്രൊജക്റ്റ് അവതരണവും നടക്കും. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫിസർ ജി.എൻ. ബാബുരാജ്, ആർഎംഎസ്എ എപിഒ കെ. ബാലകൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ വി. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.