പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ജില്ലയുടെ വികസനകുതിപ്പിന് വലിയൊരു മുതല്‍ക്കൂട്ടമാകുമെന്നും ടൂറിസം മേഖലയ്ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നുതരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. 2019-20 കരട് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഡിപിസി ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര കേരളം സൃഷ്ടിക്കുകയെന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയെ പ്രളയം അത്രകണ്ട് ബാധിച്ചിട്ടില്ലെങ്കിലും വരും മാസങ്ങളില്‍ ജില്ലയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തലത്തില്‍ ജലദൗര്‍ലഭ്യം ഇല്ലാതാക്കാനുള്ള പദ്ധതിയായ ജലജീവനം യാഥാര്‍ത്ഥ്യമാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ചട്ടഞ്ചാലില്‍ 50കോടി ചിലവില്‍ ഗെയില്‍പൈപ്പ്‌ലൈനില്‍ നിന്ന് നേരിട്ട് ഇന്ധനം സ്വീകരിച്ച് പവര്‍പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ സാധ്യത പരിശോധിക്കുമെന്നും ആധുനിക ശ്മാശനം സ്ഥാപിക്കുന്നതിന് നിലവില്‍ ആറു പഞ്ചായത്തുകളില്‍ പദ്ധതി വച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ജില്ലയുടെ ജൈവസമ്പത്തും ജലസമ്പത്തും സംരംക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും
ഭവന രഹിതര്‍,എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഭിന്നശേഷിക്കാര്‍,പിന്നോക്കവിഭാഗക്കാര്‍ എന്നിവര്‍ക്കും സ്ത്രീശാക്തീകരണ പദ്ധതികള്‍ക്കും കൂടുതല്‍ മുന്‍തൂക്കം നല്‍കും. കൂടാതെ അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലയ്ക്ക് അനുവദിച്ച് കിട്ടിയത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സെമിനാറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വൊര്‍ക്കാടി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു.

പൊതുവിഭാഗം,പട്ടികജാതി -പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി 35,81,37,000രൂപയും, റോഡ്-റോഡിതര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 39,99,82,000 രൂപയുമാണ് മാറ്റിവച്ചിട്ടുള്ളത്. ഉല്‍പാദന മേഖല, ശുചിത്വ മാലിന്യ സംസ്‌കരണം,വനിതാ ഘടകം പദ്ധതി, കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍,ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കും വയോജനങ്ങള്‍ക്കും,പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പാര്‍പ്പിട മേഖല, ലൈഫ് ,പി എം എ വൈ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് മൊത്തം 28,33,37000 രൂപയുമാണ് ബഡ്ജ് വിഹിതത്തില്‍ മാറ്റി വച്ചിട്ടുള്ളത്.

സെമിനാറില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ് സത്യപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍മാരായ ഫരീദാ സക്കീര്‍ അഹമ്മദ്, അഡ്വ എ പി ഉഷ ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് പാദൂര്‍, ഡോ.വി പി പി മുസ്തഫ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍ എന്നിവര്‍ സംസാരിച്ചു.പി നന്ദകുമാര്‍ സ്വാഗതവും എം എം ഷംസാദ് നന്ദിയും പറഞ്ഞു.