* സ്‌കൂള്‍-കോളേജ് തലങ്ങളിലായി 6  ടീമുകള്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി

കേരളത്തിന്റെ ആവേശോജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാന യാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് സ്‌കൂള്‍ വിഭാഗം കണ്ണൂര്‍ ജില്ലാതല മത്സരത്തില്‍ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൊക്കിലങ്ങാടിയിലെ ഇ. ശ്രീലക്ഷ്മി, കെ.എം പാര്‍വണ എന്നിവര്‍ വിജയികളായി. കൂത്തുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.ബി തേജസി, എ വേദിക ടീം രണ്ടാം സ്ഥാനവും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസിലെ അമന്‍ എന്‍ ബിനോയ്, അങ്കിത് കൃഷ്ണ ടീം മൂന്നാം സ്ഥാനവും നേടി. മൂന്നു ടീമുകളും ഫെബ്രുവരി 18 നു നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.

കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ നടന്ന മത്സരത്തില്‍ 30 ടീമുകള്‍ പ്രാഥമിക മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം ഘട്ടത്തില്‍ നടത്തിയ എഴുത്തു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ആറു ടീമുകളാണ് ഫൈനലില്‍ മത്സരിച്ചത്.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നല്‍കി. ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഷൈനി, ക്വിസ് മത്സരത്തിന്റെ നോഡല്‍ ഓഫീസര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പൽ ഡോ. സി ശ്രീകുമാര്‍, കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി ചന്ദ്രമോഹനന്‍, എസ് എസ് കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

കോളേജ് തല മത്സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്റര്‍ ധര്‍മ്മശാലയിലെ എം.ഇ.മിഥുന്‍രാജ്, കെ.നിവേദ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ സര്‍വ്വകലാശാല ഡോ.ജാനകിയമ്മാള്‍ ക്യാമ്പസിലെ ആനന്ദ് നീലകണ്ഠന്‍, പി.കെ.ഋഷികേശ് എന്നിവര്‍ രണ്ടാം സ്ഥാനവും കണ്ണൂര്‍ ശ്രീനാരായണ കോളേജിലെ യു.കെ.ഗീതിക, എ.സിന്‍സി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിവിധ കോളേജുകളില്‍ നിന്നായി 150 ലധികം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. പ്രാഥമിക മത്സരത്തില്‍ ആദ്യ ആറു സ്ഥാനത്ത് എത്തിയവര്‍ ഫൈനലില്‍ മാറ്റുരച്ചു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എ.ഡി.എം കലാഭാസ്‌കര്‍ നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.സുധീര്‍ വിജയികളെ അനുമോദിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി.വിനീഷ്, ക്വിസ് മത്സരത്തിന്റെ നോഡല്‍ ഓഫീസര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി ശ്രീകുമാര്‍,
കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി ചന്ദ്രമോഹനന്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സൺ നാസിയ സലിം എന്നിവര്‍ പങ്കെടുത്തു.

വേറിട്ട ചോദ്യോത്തരങ്ങളുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ അധ്യായം കുറിച്ച് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്. പാഠപുസ്തകങ്ങളുടെ ചട്ടക്കൂട് മറികടന്ന് അറിവിന്റെ വിശാല ലോകത്തിലേക്ക് കുട്ടികളെ നയിച്ച ക്വിസ് മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പൊതുവിജ്ഞാനം, ശാസ്ത്രം, ചരിത്രം, സമകാലിക സംഭവങ്ങള്‍ എന്നിവ സംയോജിപ്പിച്ചാണ് ചോദ്യങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ഇതുവഴി കുട്ടികളുടെ അറിവും ചിന്താശേഷിയും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന വേദിയായി മത്സരം മാറി. ‘അന്ന്’, ‘ഇന്നലെ’, ‘ഇന്ന്’, ‘നാളെ’, ‘അവിടെ’ എന്നിങ്ങനെ വ്യത്യസ്ത റൗണ്ടുകളിലായി അവതരിപ്പിച്ച ചോദ്യങ്ങള്‍ പരിപാടിയെ കൂടുതല്‍ കൗതുകകരമാക്കി. പ്രാഥമിക റൗണ്ട് മത്സരത്തിനു ശേഷം ആദ്യ ആറ് സ്ഥാനക്കാരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്.

സ്‌കൂള്‍ വിഭാഗത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ ഉത്തരങ്ങളായി എത്തിയ വിഷയങ്ങള്‍ ശ്രദ്ധേയമായിരുന്നു. ദേശിയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പല്‍, ലോക ക്ലാസിക് സിനിമകളിലൊന്നായ ഷോലെയിലെ ധര്‍മ്മേന്ദ്രയും അമിതാഭ് ബച്ചനും അനശ്വരമാക്കിയ വീര്‍, ജയ് കഥാപാത്രങ്ങള്‍, ആന്‍ഡ്രോയിഡ് പാത്തൂട്ടി, കിന്‍ഫ്രാ പാര്‍ക്ക്, മാര്‍വല്‍ സിനിമയായ എറ്റേണല്‍സ് എന്നിവയും കുട്ടികളുടെ അറിവിന്റെ ആഴം അളന്നു.

‘എന്റെ കേരളം’ എന്ന അവസാന റൗണ്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ചുള്ള ചോദ്യത്തിന് മുഴുവന്‍ കുട്ടികളും ശരിയായ ഉത്തരം നല്‍കിയതായിരുന്നു മത്സരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള മത്സരത്തിലും സമാനമായ റൗണ്ടുകള്‍ തന്നെ ആയിരുന്നു. കണ്ണൂരിന്റെ പ്രത്യേകതകളായ കണ്ണൂര്‍ സെന്റ്. ആഞ്ചലോ ഫോര്‍ട്ട്, മൊയ്തുപാലം, ഇന്ത്യയില്‍ ആദ്യമായി കേക്ക് ഉണ്ടാക്കി ചരിത്രത്തില്‍ ഇടം നേടിയ മമ്പള്ളി ബാബു, ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമെല്ലാം ചോദ്യോത്തരങ്ങളായി. ശബ്ദ ശകലങ്ങള്‍, ചിത്രങ്ങള്‍ വീഡിയോഗ്രാഫുകള്‍, വിവിധ ലോഗോകള്‍ എല്ലാം ചോദ്യത്തിന്റെ ഭാഗങ്ങളായി. ഡോ. ബി.ആര്‍ അംബേദ്കര്‍, മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് എന്നിവരുടെ ശബ്ദശകലം, റീബില്‍ഡ് കേരള ലോഗോ, കേരളത്തിലെ കര്‍ഷക സേവന കേന്ദ്രങ്ങളുടെ പേര്, നിലവില്‍ കേരളത്തില്‍ പ്രാവര്‍ത്തികമായി കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ്, ശബരി റെയില്‍ പദ്ധതി, സേഫ് കേരള, എന്നിങ്ങനെ കേരളത്തിന്റെ വിവിധ വികസന മുന്നേറ്റങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ എത്തി. ഓരോ ഘട്ടത്തിലും മത്സരം കടുപ്പമുള്ളതായിരുന്നുവെങ്കിലും, പങ്കെടുത്ത കുട്ടികളുടെ അറിവും വിജ്ഞാനവുമാണ് ക്വിസിനെ ആവേശകരമാക്കിയത്.

ഫൈനല്‍ വേദിയില്‍ സ്‌കൂള്‍ വിഭാഗത്തിലും കോളേജ് വിഭാഗത്തിലുമായി വിജയിച്ച ആദ്യ മൂന്ന് ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥിക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. എം എസ് അമിത്, ഡോ. കെ എം വിഷ്ണു നമ്പൂതിരി എന്നിവരായിരുന്നു ക്വിസിനെ നയിച്ചത്