രോഗിയെ ചികിത്സിക്കുമ്പോള്‍ കരുണയും മനസിലാക്കലും വേണമെന്നും രോഗീസൗഹൃദ സമീപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. രോഗം വന്നാല്‍ ചികിത്സ എന്ന നിലപാടിനപ്പുറം രോഗം വരാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന ചിന്ത സമൂഹത്തില്‍ വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എം.പിയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ആരോഗ്യവകുപ്പിന് അനുവദിച്ച വാഹനത്തിന്റെ കൈമാറ്റച്ചടങ്ങ് ജില്ലാ ആസൂത്രണ സമിതി കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമണ്ണ ക്ലാരി കുടുംബാരോഗ്യകേന്ദ്രത്തിനാണ് മാരുതി ഇകോവാന്‍ നല്‍കിയത്. വാഹനത്തിന്റെ താക്കോലും രേഖകളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി ഏറ്റുവാങ്ങി. അബ്ദുസ്സമദ് സമദാനി എം.പി 11 വാഹനങ്ങള്‍ വിവിധ ആശുപത്രികളിലേക്കായി ഇതിനകം നല്‍കിയിട്ടുണ്ട്.
ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.വി ഷാജു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ അന്‍സല്‍ ബാബു, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി സാദിഖലി, ഫോര്‍മാന്‍ പി. അന്‍സാറലി എന്നിവര്‍ സംസാരിച്ചു.
