നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം ഘട്ടമെന്ന നിലയില്‍ താഴത്തെ നിലയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ആകെ 1940 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 640 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് നിലവില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത് . രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി കാഷ്വാലിറ്റി വിഭാഗം, ഫാര്‍മസി, നഴ്സ് സ്റ്റേഷന്‍, ട്രീറ്റ്മെന്റ്-ഇന്‍ജെക്ഷന്‍ റൂമുകള്‍ എന്നിവ താഴത്തെ നിലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോള്‍ഡ് ചെയിന്‍ റൂം, വിവിധ കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, വിശാലമായ വെയിറ്റിങ് ഏരിയകള്‍, ശുചിമുറികള്‍, ഫാര്‍മസി സ്റ്റോറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. 76.82 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ രണ്ട് സ്റ്റെയര്‍ റൂമുകളും നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.