ഇടമലക്കുടി പഞ്ചായത്ത് നിവാസികള്‍ക്ക് വിവിധ രേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പെരുമൈ എന്ന പേരില്‍ സിവില്‍ രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ നടന്ന ഡ്രൈവില്‍ ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകളാണ് ഉള്‍പ്പെടുത്തിയത്. നൂറ്റിയിരുപതിലധികം ആളുകള്‍ രജിസ്ട്രേഷന്‍ ഡ്രൈവിന്റെ പ്രാഥമിക ഘട്ടത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനു എം. ഡ്രൈവ് ഉദ്ഘാടനം ചെയ്തു. ദേവികുളം ആര്‍ഡിഒ ആര്യ വി.എം. മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷഫീഖ് പി. സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുസാധ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗോവിന്ദ് രാജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പരിമളാദേവി, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പ്രസാദ്, വില്ലേജ് ഓഫീസര്‍ ശ്യാംജി നാഥ് , ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ ജോസഫ് ഫ്രാന്‍സിസ്, സി രാജേന്ദ്രന്‍ എന്നിവര്‍ സിവില്‍ രജിസ്ട്രേഷന്‍ ചട്ടങ്ങളും പ്രാധാന്യവും എന്ന വിഷയത്തില്‍ വിശദീകരണം നടത്തി. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ അബ്ദുള്‍ സമദ് വി.എം. അപേക്ഷ ഫോമുകള്‍ പൂരിപ്പിക്കേണ്ടത് സംബന്ധിച്ച് വിശദീകരിച്ചു.
ആദിവാസി മുതുവ വിഭാഗം കൂടുതലായി അധിവസിക്കുന്ന കേരളത്തിലെ ആദ്യ ഗിരിവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങള്‍ക്ക് രേഖകളുടെ ആവശ്യകതയെക്കുറിച്ച് ധാരണ കുറവാണ്. വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഇത് തടസം സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സിവില്‍ രജിസ്‌ട്രേഷന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.
