രോഗപ്രതിരോധത്തിന്റെ സന്ദേശം നല്കി ആയുഷ് വകുപ്പും നാഷനല്‍ ആയുഷ് മിഷനും സംയുക്തമായി നടത്തുന്ന ‘ഹെല്‍ത്തി കേരള’ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്പേഴ്സന് അഡ്വ. വി. റിനിഷ ഉദ്ഘാടനം നിര്‍വഹിച്ചു. രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, നല്ല ഭക്ഷണം, വ്യായാമം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന് ലക്ഷ്യമിടുന്നത്. ഐ.എസ്.എം ഡി.എം.ഒ ഡോ. റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിമി മുരളി, ഹോമിയോ ഡി.എം.ഒ ഡോ. ജുമൈലത്ത്, ഡോ. നസീല, എ.കെ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി കോട്ടക്കുന്നില്‍ യോഗ പ്രദര്‍ശനം നടത്തി. ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് മുഖ്യാതിഥിയായി.
ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രദര്‍ശനം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. ജീവിത ശൈലി രോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ചും അറിവ് നല്‍കുന്നതായിരുന്നു പ്രദര്‍ശനം. സൗജന്യ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം ഒരുക്കിയിരുന്നു. രോഗ നിര്‍ണയത്തോടൊപ്പം മരുന്നും സൗജന്യമായി വിതരണം ചെയ്തു. ആരോഗ്യകരമായ ഭക്ഷണ രീതി പരിചയപ്പെടുത്തുന്ന സറ്റാളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഭക്ഷണ രീതി അറിയാനും രുചിച്ച് നോക്കാനും പാചക രീതി മനസ്സിലാക്കാനും സാധിക്കുന്ന രീതിയിലാണ് സ്റ്റാള്‍ ഒരുക്കിയിരുന്നത്. വ്യായാമത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഓര്‍മപ്പെടുത്തുന്ന സ്റ്റാളും ഏറെ ശ്രദ്ധ നേടി
