ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് എത്തുന്ന തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പൂർണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിർബന്ധമായും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ പകർപ്പ് സ്ഥാപനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന സർട്ടിഫിക്കറ്റും പരിശോധനയ്ക്ക് ഹാജരാക്കണം.

പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ മേഖലയിലെ ഭക്ഷ്യസംരംഭകരുടെയും പാചകത്തൊഴിലാളികളുടെയും ബോധവത്കരണത്തിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19-ന് പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യസംരംഭകരും നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ രജിസ്‌ട്രേഷനായി fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ എന്നിവ അയയ്ക്കണം.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂറായി നേടണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യം ലഭ്യമാണ്. ഓൺലൈൻ അപേക്ഷയിൽ ‘Kind of business ആയി Food vending establishment’ എന്നത് തെരഞ്ഞെടുക്കുകയും അപേക്ഷകന്റെ പേരിനൊപ്പം ‘Attukal Ponkala’ എന്ന് രേഖപ്പെടുത്തുകയും വേണം. ഉത്തരവാദിത്തമുള്ള വ്യക്തിയുടെ ഫോട്ടോ, ഐഡി കാർഡ് (Address Proof) എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിശ്ചിത ഫീസ് ഓൺലൈൻ വഴിയാണ് അടയ്‌ക്കേണ്ടത്.

ഭക്തജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ വസ്തുക്കൾ മാത്രം തിരഞ്ഞെടുക്കണം. ലേബൽ വിവരങ്ങളില്ലാത്ത പായ്ക്കറ്റ് ഭക്ഷണങ്ങൾ, മിഠായികൾ, പഞ്ഞി മിഠായി, ഐസ് കാൻഡി എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തുറന്ന നിലയിൽ വിൽക്കുന്ന ശർക്കര, കൽക്കണ്ടം, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ എന്നിവ വാങ്ങി ഉപയോഗിക്കരുത്.

അന്നദാനം അല്ലെങ്കിൽ ദാഹജല വിതരണം നടത്തുന്നവർ ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളും ഉപയോഗിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. തിളപ്പിച്ച വെള്ളം കുടിക്കാനും സർബത്ത്, നാരങ്ങാവെള്ളം, തണ്ണിമത്തൻ മുതലായ ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നുള്ളതാണോ എന്ന് ശ്രദ്ധിക്കാനും ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു.

പാകം ചെയ്ത ഭക്ഷണങ്ങൾ നിശ്ചിത ഉഷ്മാവിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതും വൃത്തിയുള്ള ചുറ്റുപാടിൽ വിതരണം ചെയ്യുന്നതും ഉറപ്പാക്കണം. കൂടാതെ, ഭക്ഷണത്തിലെ മായം കണ്ടെത്തുന്നതിനായി ഉത്സവ ദിവസങ്ങളിൽ സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാകും.

ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ 1800 425 1125 ൽ ബന്ധപ്പെടാം.