രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ കേരളം വിജ്ഞാന സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നും 2031-ഓടെ തൊഴിലന്വേഷകരുടെ സംസ്ഥാനമെന്ന നിലയിൽ നിന്ന് തൊഴിൽ ദാതാക്കളുടെയും നൈപുണ്യമുള്ള പ്രൊഫഷണലുകളുടെയും ആഗോള ഹബ്ബായി കേരളം മാറുമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 സെമിനാറിന്റെ ഭാഗമായി മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ”തൊഴിലാളികളുടെ അവകാശങ്ങൾ” സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിഷൻ 2031’ ലക്ഷ്യത്തിലേക്കുള്ള ദൃഢമായ ചുവടുവെപ്പുകളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൊഴിൽ വകുപ്പ് നടപ്പിലാക്കുന്നത്.. തൊഴിലാളിയുടെ അന്തസ്സും സുരക്ഷയും പദ്ധതിയുടെ കാതലാണ്. രാജ്യത്ത് ആദ്യമായി മികച്ച തൊഴിൽ ഇടങ്ങൾക്ക് ‘മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്’ ഏർപ്പെടുത്തിയതിലൂടെ ആധുനിക തൊഴിൽ സംസ്‌കാരം വളർത്തുകയാണ്. ‘സഹജ’ കോൾ സെന്ററും സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും വഴി സ്ത്രീകൾക്ക് സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കിയതായും 2031-ഓടെ സ്ത്രീ തൊഴിൽപങ്കാളിത്തം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളെ പരിഗണിച്ച് ‘ആവാസ്’ ഇൻഷുറൻസ്, ‘കവച്’ ലഹരിവിരുദ്ധ പദ്ധതി എന്നിവ നടപ്പിലാക്കിയതും ‘അതിഥി പോർട്ടൽ’ വഴി അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിലും കേരളം മാതൃകയാണ് ഡിജിറ്റൽ കേരളത്തിന്റെ ഭാഗമായി 16 ക്ഷേമനിധി ബോർഡുകളെ ഒരൊറ്റ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആനുകൂല്യങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നു. ‘റിമോട്ട് സെൻസിംഗ് എമർജൻസി റെസ്പോൺസ് സിസ്റ്റം’, ‘ഇ-സഞ്ജീവനി’ ഓൺലൈൻ കൺസൾട്ടേഷൻ തുടങ്ങിയ പദ്ധതികൾ വഴി വ്യവസായ മേഖലയെ ഹൈടെക് ആക്കി.

ഭാവിയിലെ തൊഴിലുകൾക്കായി യുവാക്കളെ സജ്ജമാക്കുക ഏറ്റവും വലിയ വെല്ലുവിളിയാണ്. കിഫ്ബി വഴി 10 ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. ‘ഡിജിറ്റൽ കൺസ്ട്രക്ഷൻ’ പോലുള്ള പുതിയ കോഴ്സുകൾ ആരംഭിച്ചു ‘ശരണ്യ’, ‘നവജീവൻ’, ‘കൈവല്യ’ പദ്ധതികളിലൂടെ പതിനായിരക്കണക്കിന് ആളുകളെ സംരംഭകരാക്കി മാറ്റി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സ്മാർട്ട് കാർഡ് നൽകുന്ന മോഡൽ സെന്ററുകളാക്കി വികസിപ്പിച്ചു.

2031-ഓടെ ലോകത്തിന്റെ ഏത് ഭാഗത്തും തൊഴിലെടുക്കാൻ പ്രാപ്തിയുള്ള നൈപുണ്യമുള്ള യുവാക്കളെ കേരളം വാർത്തെടുക്കും. തൊഴിലിട അപകടങ്ങൾ പൂജ്യത്തിലേക്ക് എത്തിക്കുന്ന ‘വിഷൻ സീറോ’ ലക്ഷ്യം കൈവരിക്കും. തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും തത്സമയം ബന്ധിപ്പിക്കുന്ന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയതായും പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്‌കീമുകൾ വഴി സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

 ഗ്രാമീണ വേതനത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലേബർ കോൺക്ലേവിൽ ഉയർന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കി 2031-ലെ കേരളത്തെ തൊഴിലാളി സൗഹൃദ വികസിത സംസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. അനിൽ കുമാർ ബി.എം സ്വാഗതം ആശംസിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ മോഡറേറ്ററായിരുന്നു. ഐ.എൽ.ഒ കണ്ടീഷൻസ് ഓഫ് വർക്ക് ആൻഡ് ഇക്വാളിറ്റി വകുപ്പ് ഡയറക്ടർ ഡോ. സുക്തി ദാസ്ഗുപ്ത, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഉമേഷ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജ് തോമസ്, ഐ.എൽ.ഒ ഡൽഹി ഹെഡ് മിചിക്കോ മിയാമോട്ടോ, എം.ഡി.ഐ ഗുർഗാവ് ഡോ. കെ.ആർ. ശ്യാം സുന്ദർ, സി.ഡി.എസ് പ്രൊഫ. വിനോജ് എബ്രഹാം, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ, ആഗോള തൊഴിൽ പ്രവണതകൾ തുടങ്ങിയ വിഷയങ്ങളിലായി സമഗ്ര ചർച്ചകൾ നടന്നു. തൊഴിലാളി സംഘടനാ പ്രതിനിധികളും നയനിർമാണ വിദഗ്ധരും പങ്കെടുത്ത പരിപാടി അറിവ് പങ്കിടലിന്റെ വേദിയായി. തൊഴിൽ-നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ് പരിപാടിയുടെ സംഗ്രഹം അവതരിപ്പിച്ചു.