ഏറനാട് മണ്ഡലത്തിലെ പനമ്പിലാവ് പാലത്തിന്റെ പുനര്‍നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. 2016ൽ സർക്കാർ വന്നതിനുശേഷം പശ്ചാത്തല സൗകര്യവികസനത്തിൽ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.മേൽപാലങ്ങളുടെയും റോഡുകളുടെയും വികസനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്കറിയാം. ദേശീയ ഹൈവേ വികാസത്തിന് വേണ്ടി 5550 കോടി സർക്കാർ ചിലവഴിച്ചു.
മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേ 1600 കി.മി പിന്നിട്ടു. കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികളിലൂടെ 3500 കോടിയുടെ റോഡ് നിർമാണ പ്രവർത്തികളാണ് സർക്കാർ നടത്തിയത്. കേരളത്തിലെ റോഡ് വികസനം ലോകം അംഗീകരിക്കുന്ന തലത്തിലേക്ക് ഉയർന്നു. ഏറ്റവും കൂടുതൽ റെയിൽവേ മേൽപാലങ്ങൾ നിർമിച്ച കാലമാണ് ഇത്. ടൂറിസം മേഖലയിൽ സർക്കാർ റസ്റ്റ് ഹൗസിലെ ഓൺലൈൻ ബുക്കിങ് മുഖേന 32 കോടിയിലധികം രൂപ വരുമാനം ലഭിച്ചു. കിഫ്ബി ഫണ്ട് മുഖേന പി.ഡബ്ലിയു.ഡി.യിൽ 528 പദ്ധതികൾക്ക് 46145 കോടി രൂപ ചിലവഴിച്ചെന്നും 30 കൊല്ലത്തിന് ശേഷം പ്രാവർത്തികമാവേണ്ട പദ്ധതികളാണ് ഇപ്പോൾ യാഥാർഥ്യമാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
ഏറനാട് മണ്ഡലം എം.എല്‍.എ പി.കെ. ബഷീര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. നിലവിൽ ഒരു മീറ്റർ വീതിയും 22 മീറ്റർ നീളവുമുള്ള ഈ പാലം അഞ്ച് കോടി രൂപ ചിലവഴിച്ചാണ് പുനര്‍നിര്‍മാണ പ്രവർത്തി നടത്തുന്നത്. പുതിയ പാലത്തിൻ്റെ നീളം 39.90 മീറ്ററും വീതി 11 മീറ്ററും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ കാൽ നടപ്പാതയോട് കൂടി 7.50 മീറ്റർ കാരേജ്വേയും നൽകിയാണ് പുതിയപാലം വിഭാവനം ചെയ്തിട്ടുള്ളത്.
