കെഎസ്ആർടിസിയിൽ പുതിയ പരിഷ്ക്കാരങ്ങൾ പ്രാബല്യത്തിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കൊട്ടാരക്കര ബസ് സ്റ്റേഷനിലെ പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസി ബസ്സുകളിൽ 13 രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കും. ദീർഘദൂര സർവീസുകളിൽ ‘സ്റ്റോപ്പ് ഓൺ റിക്വസ്റ്റ്’ സംവിധാനം ഏർപ്പെടുത്തി. 20 രൂപ അധിക ചാർജ് നൽകിയാൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറങ്ങാൻ സാധിക്കും.
കെഎസ്ആർടിസിയുടെ ചലോ ആപ്പ് വഴിയാണ് ഈ സംവിധാനം സാധ്യമാക്കുന്നത്. ഉത്സവകാലത്ത് ദീർഘദൂര യാത്രകളുടെ ബുക്കിങ്ങിന് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റങ്ങൾ ഉണ്ടാകുന്ന സോഫ്റ്റ്‌വെയർ സംവിധാനവും ഒരുക്കി. കൂടുതൽ മിനി ബസ് സർവീസുകൾ ആരംഭിക്കും. ഏറ്റവും അധികം കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ നവീകരിക്കപ്പെട്ടത് കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായി. കൊട്ടാരക്കരയുടെ തിലകക്കുറിയായി പുതിയ ബസ് ടെർമിനൽ മാറും. ഗ്യാരേജ് നിർമ്മാണത്തിനും പണം അനുവദിച്ചു. സംസ്ഥാനത്തെ മറ്റ് പ്രധാന ബസ് സ്റ്റാൻഡുകളുടെ നവീകരണവും ഉടൻ ആരംഭിക്കും. വിഴിഞ്ഞം, എറണാകുളം എന്നിവിടങ്ങളിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കും. കൊട്ടാരക്കരയിൽ ദേവസ്വം വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഒരേസമയം 1500 പേർക്ക് ജോലി ചെയ്യാൻ കഴിയുന്ന 147000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐടി പാർക്കിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെല്ലിക്കുന്നം-ചെപ്ര ഉമ്മന്നൂർ-വാളകം വഴി കൊട്ടാരക്കര പോകുന്ന പുതിയ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മവും അദ്ദേഹം നിർവഹിച്ചു.
എം.എൽ.എ ആസ്‌തി വികസന ഫണ്ടിൽ നിന്നും 2.50 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്നും 15.60 കോടി രൂപയും ഉൾപ്പെടെ 18.10 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബസ് ടെർമിനൽ നിർമ്മിക്കുന്നത്.
കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.പി.എസ്.പ്രമോജ് ശങ്കർ, കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിതാ ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ.ഷാജു, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.പ്രിയ, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ചന്ദ്രശേഖർ, കെഎസ്ആർടിസി എക്സിക്യൂട്ടീവ് വിജിലൻസ് ഡയറക്ടർ ഷാജി, ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ പി.എം.ഷറഫ് മുഹമ്മദ്, കെഎസ്ആർടിസി കൊട്ടാരക്കര എറ്റിഒ എ.അബ്ദുൽ നിഷാർ തുടങ്ങിയവർ പങ്കെടുത്തു.
