നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന അനധികൃത ബാനറുകള്‍, നോട്ടീസുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും തെരഞ്ഞെടുപ്പ് സമയത്തെ എല്ലാ നിര്‍ണായക സംഭവങ്ങളുടെയും വീഡിയോ ചിത്രീകരിക്കുന്നതിനുമായി ജില്ലയില്‍ 32 ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി മുതല്‍ സ്ക്വാഡുകൾ പ്രവര്‍ത്തനം ആരംഭിക്കും. ഓരോ നിയോജക മണ്ഡലത്തിലും രണ്ട് വീതം സ്ക്വാഡുകളാണ് ഉണ്ടാകുക. ടീം ലീഡറെ കൂട്ടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രോഫര്‍ എന്നിവർ ഓരോ സ്ക്വാഡിലും ഉണ്ടാകും. സ്ക്വാഡ് ലീഡര്‍മാര്‍ക്ക് മാര്‍ച്ച് ഒന്‍പതിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും. സ്വകാര്യ ഭൂമി, കെട്ടിടം, മതില് മുതലായവ ഉടമയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സ്ക്വാഡുകൾ പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്വകാര്യ, സര്‍ക്കാര്‍ സ്വത്തുക്കള്‍ വികൃതമാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.
സർക്കാർ – പൊതു സ്ഥലങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. താത്ക്കാലികവും എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതുമായ പരസ്യ സാമഗ്രികള്‍ സ്വകാര്യ സ്ഥലങ്ങളില്‍ ഉടമയുടെ അനുമതിയോടെ സ്ഥാപിക്കാവുന്നതാണ്. സര്‍ക്കാര്‍ വസ്തുക്കളിലെ ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. പൊതുമുതല്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലഫോണ്‍ തൂണുകള്‍, മുന്‍സിപ്പല്‍/തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. സ്വകാര്യ വസ്തുവില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.
