തൊഴിലില്ലായ്മയെ അതിജീവിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ നൂതന കഴിവുകള്‍ ആര്‍ജ്ജിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചിറ്റൂര്‍ ഗവ കോളേജില്‍ വിജ്ഞാനകേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ വെര്‍ച്വല്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാറുന്ന കാലഘട്ടത്തിനനുസരിച്ച് നൈപുണ്യ വികസനത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ തൊഴില്‍ മേഖലയെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് പല മേഖലകളിലും തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമെന്നോളമാണ് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ നടത്തുന്നത്. അഭ്യസ്തവിദ്യരായ യുവജനങ്ങളെ തൊഴില്‍ അവസരങ്ങളുമായി ഫലപ്രദമായി ബന്ധിപ്പിക്കുക, അവരുടെ യോഗ്യതക്കും കഴിവുകള്‍ക്കും അനുയോജ്യമായ നിയമന സാധ്യതകള്‍ ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ഈ മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ പി എച്ച് ഡി വരെ യോഗ്യതയുള്ളവര്‍ക്ക് അനുയോജ്യമായ നിരവധി ഒഴിവുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിങ്, മെഡിക്കല്‍, പാരാമെഡിക്കല്‍ തുടങ്ങിയ മേഖലകളിലേക്കുള്ള നിയമന അവസരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

പരിപാടിയില്‍ ചിറ്റൂര്‍ ഗവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി. റെജി അധ്യക്ഷനായി. വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വൈ കല്യാണകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. കെമിസ്ട്രി വിഭാഗം തലവന്‍ പ്രൊഫ. റിജുലാല്‍ ജോബ് ഫെയര്‍ നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അലുംനി അസോസിയേഷന്‍ ഭാരവാഹികളായ രവീന്ദ്രനാഥ മേനോന്‍, എ.ബി ശ്രീജിത്ത്, കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. പ്രദീഷ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ നയന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.