മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും കാന്റീന് കോംപ്ലക്സിന്റെയും ശിലാസ്ഥാപനവും ലൈബ്രറിയുടെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. വിജയകരമായി മുന്നേറുന്ന ഈ പ്രയാണം കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോയി നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും പുതിയ വൈജ്ഞാനിക മേഖലകളില്‍ ഉയര്‍ന്ന പഠനസാഹചര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തിന് എല്ലാവരും കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു
മലപ്പുറം ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പദ്ധതിയുടെ ശിലാഫലക അനാച്ഛാദനം എം.എല്‍.എ. നിര്‍വഹിച്ചു. അടുത്ത അധ്യയന വര്‍ഷത്തോടെ ഇന്‍കെല്‍ സിറ്റിയിലെ പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറാന്‍ സാധിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും ഈ തവണ മലപ്പുറത്തിന്റെ വോട്ടിംഗ് ശതമാനം 80 ശതമാനത്തിലധികം ഉയരണമെന്നും ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് 18.61 കോടി രൂപ ചെലവിലാണ് അക്കാദമിക് ബ്ലോക്കും കാന്റീന് കോംപ്ലക്സും നിര്‍മ്മിക്കുന്നത്. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.30 കോടി രൂപ വിനിയോഗിച്ചാണ് ലൈബ്രറി, സ്റ്റുഡന്റ് അമിനിറ്റി സെന്റര്‍ കെട്ടിടവും നിര്‍മ്മിക്കുന്നത്. മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജസീര്‍ അടാട്ടില്‍ സ്വാഗതം പറഞ്ഞു.
