ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍  മലപ്പുറം ജില്ലയില്‍ നടന്നുവരുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഓരോ വകുപ്പിലും നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാകളക്ടര്‍ അവലോകനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനം, കുട്ടികളിലെ ഷെഡ്യൂള്‍ഡ് വാക്‌സിനേഷന്‍ കണക്കുകള്‍, മാതൃ-ശിശു ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഹിക പ്രസവം, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആര്‍ദ്രം പദ്ധതി, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, സാംക്രമികേതര രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജില്ലയില്‍ പുരോഗമിക്കുന്ന ജെ.ഇ, എച്ച്. പി. വാക്‌സിന്‍ ക്യാംപയിന്‍ എന്നിവയാണ് ജില്ലാ കളക്ടര്‍ അവലോകനം ചെയ്തത്.

2026 ലെ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 52,21134 ആണ് ജില്ലയിലെ ജനസംഖ്യ. പൊതുജനാരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാകും നടത്തുകയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 2024-25 വര്‍ഷത്തില്‍ 191 ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2025-26 ല്‍ അത് 56 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. ഇൗ നേട്ടം കൈവരിച്ച ആരോഗ്യവകുപ്പിനെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

തിരൂര്‍ സബ്കളക്ടര്‍ ദിലീപ് കെ. കൈനിക്കര, പെരിന്തല്‍മണ്ണ സബ്കളക്ടര്‍ സാക്ഷി മോഹന്‍, ഡി.എം.ഒ. ഇന്‍. ചാര്‍ജ് ഡോ. എ.ഷിബുലാല്‍, എന്‍.എച്ച്.എം. ഡി.പി.എം. ഡോ. ടി.എന്‍. അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി.ഷുബിന്‍, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എന്‍.എന്‍.പമീലി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.കെ.കെ.പ്രവീണ, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.