നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ പ്ലാനിങ് ഓഫീസില്‍ സജ്ജീകരിച്ച പോസ്റ്റല്‍ ബാലറ്റ് ജില്ലാതല ക്ലിയറിങ് സെന്ററിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ നേരിട്ടെത്തി വിലയിരുത്തി. അവശ്യ സർവീസ്, ഭിന്നശേഷി വിഭാഗം, 85 വയസിന് മുകളിൽ ഉള്ളവർ തുടങ്ങിയവരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷകളാണ് ആദ്യം പരിഗണിക്കുന്നത്. ഈ അപേക്ഷകൾ അതത് നോഡല്‍ ഓഫീസര്‍മാര്‍ മുഖേനയാണ് ക്ലിയറിംഗ് സെന്ററില്‍ എത്തുന്നത്. തുടര്‍ന്ന് ഇവിടെ നിന്നും അതത് മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് അപേക്ഷകള്‍ അയക്കുകയും സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഒരു ദിവസം പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താനായി സെന്റര്‍ അനുവദിച്ചു നല്‍കുകയും ചെയ്യും.

വോട്ടിങിന് ശേഷം ശേഖരിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ ഇതേ രീതിയില്‍ ജില്ലാ ക്ലിയറിങ് സെന്ററില്‍ എത്തിയശേഷം തുടര്‍ന്ന് പ്രാദേശിക തലങ്ങളിലേക്ക് വിതരണം ചെയ്യും. വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് സമ്മതിദാന പ്രക്രിയയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ക്ലിയറിങ് സെന്ററിനുള്ളത്. പോസ്റ്റല്‍ ബാലറ്റ് -ജില്ലാതല ക്ലിയറിങ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അന്‍സു ബാബു , സീനിയര്‍ സൂപ്രണ്ട് സൗമ്യ.ടി.ഭരതന്‍, ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം തഹസീല്‍ദാര്‍മാരായ സുജയ, പി.വി ദീപ തുടങ്ങിയവരാണ് മേല്‍നോട്ടം വഹിക്കുന്നത്.