* ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ഡോ. ബി.ആര്‍. അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ സാമൂഹിക, സാമ്പത്തിക രംഗത്ത് അധസ്ഥിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഇന്ന് കാണുന്ന തലയെടുപ്പ് പോലും ലഭിക്കില്ലായിരുന്നെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. പട്ടികജാതി വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍
ഡോ. ബി.ആര്‍. അംബേദ്കര്‍ മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടനയില്‍ സാമൂഹ്യനീതി ഉറപ്പാക്കിയത് അംബേദ്കറുടെ പ്രധാന സംഭാവനയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ സംപുഷ്ടമാക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രധാന ഊര്‍ജവും അംബേദ്കറായിരുന്നു. അതിരുകളില്ലാതെ വ്യാഖ്യാനത്തിന് അവസരമൊരുക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഇത്തരത്തില്‍ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയ അംബേദ്കറിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചടി മാധ്യമ വിഭാഗത്തില്‍ ‘മാധ്യമം’ ദിനപത്രത്തിലെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ഷെബിന്‍ മെഹബൂബും, ദൃശ്യമാധ്യമ വിഭാഗത്തില്‍ കൈരളി ടി.വി. സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രനും, ശ്രവ്യമാധ്യമ വിഭാഗത്തില്‍ ആകാശവാണി മഞ്ചേരി നിലയത്തിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ഡി. പ്രദീപ് കുമാറും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാക്കള്‍ നന്ദി പ്രസംഗം നടത്തി. കൗണ്‍സിലര്‍ പാളയം രാജന്‍ സംബന്ധിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പുഗഴേന്തി സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍
അലി അസ്ഗര്‍ പാഷ നന്ദിയും പറഞ്ഞു.