വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കേണ്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ നടന്നു. 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4435 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, 4435 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, 8870 പോളിങ് ഓഫീസര്‍മാര്‍ എന്നിവരക്കം 17740 പോളിങ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുത്തത്.
ഏഴ് ഓക്സിലറി പോളിങ് സ്റ്റേഷനുകളുള്‍പ്പെടെ ജില്ലയില്‍ 3689 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ മൂന്നു പോളിങ് സ്റ്റേഷനുകളില്‍ ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ഇവിടേക്ക് റിസര്‍വ് ഉള്‍പ്പെടെ 24 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ഈ പോളിങ് സ്റ്റേഷനുകളൊഴികെ 3686 പോളിങ് സ്റ്റേഷനുകളിലേക്കുള്ള റാന്‍ഡമൈസേഷനാണ് ഇന്ന് (ഞായര്‍) നടന്നത്. ഓരോ പോളിംഗ് ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിംഗ് ഓഫീസര്‍മാരുമാണ് ഡ്യൂട്ടിയില്‍ ഉണ്ടാകുക. 3686 പ്രിസൈഡിംഗ് ഓഫീസറും 3686 ഫസ്റ്റ് പോളിംഗ് ഓഫീസറും 7372 പോളിങ് ഓഫീസര്‍മാരുമുള്‍പ്പടെ 14744 ഉദ്യോഗസ്ഥരെയാണ് യഥാര്‍ത്ഥത്തില്‍ ആവശ്യം. എന്നാല്‍ റിസര്‍വ് ഉള്‍പ്പെടെ 17740 പോളിങ് ഉദ്യോഗസ്ഥരെ റാന്‍ഡമൈസേഷനില്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
മാര്‍ച്ച് 22 ന് നടന്ന ഒന്നാം ഘട്ട റാന്‍ഡമൈസേഷനില്‍ ജില്ലയിലെ ആകെ ജീവനക്കാരുടെ ഡാറ്റാബേസില്‍ നിന്ന് ആവശ്യമായ ഉദ്യോഗസ്ഥരെ (റിസര്‍വ് ഉള്‍പ്പെടെ) സോഫ്റ്റ് വെയര്‍ വഴി തിരഞ്ഞെടുത്തിരുന്നു. ഈ ഉദ്യോഗസ്ഥരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കും തരംതിരിക്കുന്ന പ്രക്രിയയാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പോളിങ് ഉദ്യോഗസ്ഥരുടെ ശാസ്ത്രീയമായ തിരഞ്ഞെടുപ്പ് രീതിയാണിത്. മൂന്ന് ഘട്ടങ്ങളിലായാണ് റാന്‍ഡമൈസേഷന്‍ നടപ്പിലാക്കുന്നത്. മൂന്നാം ഘട്ടത്തില്‍ പോളിങ് സാമഗ്രികളുടെ വിതരണത്തിന് മുമ്പായി ഉദ്യോഗസ്ഥര്‍ക്ക് ഏത് പോളിങ് സ്റ്റേഷനിലാണ് ഡ്യൂട്ടി എന്ന് നിശ്ചയിക്കും.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാരായ രാജേന്ദ്രകുമാര്‍, വിശേഷ് സാരംഗല്‍, അജിത്ത് ബലാസോ കുംബാര്‍, ഷെവാങ് ഗ്യാച്ചോ ബൂട്ടിയ, എം.ബി. രാജേഷ് ഗൗഡ, എന്‍.ഐ.സി ഓഫീസര്‍ സഹന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
