നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിര്‍ണ്ണായകമായ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേര്‍ന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള അവസാന 72 മണിക്കൂറുകളില്‍ നടപ്പിലാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും പണത്തിന്റെയും ലഹരിവസ്തുക്കളുടെയും ഒഴുക്ക് തടയുന്നതിനുള്ള കര്‍ശന നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരും യോഗത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വോട്ടെടുപ്പ് ദിവസത്തിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ (72 മണിക്കൂര്‍) പ്രത്യേക നിരീക്ഷണവും കര്‍ശനമായ പരിശോധനകളും ആവശ്യമാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള പണം, മദ്യം, ലഹരിവസ്തുക്കള്‍, സൗജന്യങ്ങള്‍ എന്നിവയുടെ കൈമാറ്റം തടയുന്നതിനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

തിരൂര്‍, പെരിന്തല്‍മണ്ണ സബ്കളക്ടര്‍മാര്‍, നിലമ്പൂര്‍ (സൗത്ത്, നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ (സി.ജി.എസ്. ടി. നോഡല്‍ ഓഫീസര്‍), സി.ജി.എസ്.ടി. അസിസ്റ്റന്റ് കമ്മീഷണര്‍, സി.ഐ.എസ്.എഫ്/എ.എ.സ്.ജി കാലിക്കറ്റ് അസിസ്റ്റന്റ് കമാന്‍ഡന്റ്, സി.എപി.എഫ്.അസിസ്റ്റന്റ് കമാന്‍ഡന്റ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മലപ്പുറം ആര്‍.ടി.ഒ., സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.