നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ നിരീക്ഷണം നടത്തുന്നതിന് തിരഞ്ഞെടുത്ത മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. പ്രാഥമിക പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും പുതുതായി നിയമിച്ച മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കും ഉള്ള പരിശീലനം കുടുംബശ്രീ മിഷന്‍ ജില്ലാ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പുതുതായി നിയമിതരായ 19 എസ്.എ.പി.എസ് മൈക്രോ ഒബ്‌സര്‍വര്‍മാര്‍, രണ്ട് വി.സി.പി.എസ് മൈക്രോ ഒബ്‌സര്‍വര്‍മാര്‍, മുന്‍പ് നടന്ന രണ്ട് പരിശീലനങ്ങളില്‍ പങ്കെടുക്കാത്ത ഒബ്‌സര്‍വര്‍മാര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന കേന്ദ്രത്തില്‍ വെച്ച് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്തു.

ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ പി. കെ നൗഷാദ് ,മൈക്രോ ഒബ്‌സര്‍വര്‍ ജില്ലാതല നോഡല്‍ ഓഫീസര്‍ ജിതിന്‍.കെ.ജോണ്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. ഏഴ് നിയോജക മണ്ഡലങ്ങളില്‍ 15 ലൊക്കേഷനുകളില്‍ ആകെ 43 പോളിംഗ് സ്റ്റേഷനുകളാണ് പ്രശ്‌ന സാധ്യതാ ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 56 മൈക്രോ ഒബ്‌സര്‍വര്‍മാരെയാണ് ഇവിടങ്ങളിലേക്ക് നിയോഗിക്കുന്നത്.