ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2018 നവംബർ മാസം വരെയുള്ള പ്രവർത്തന പുരോഗതി വിലയിരുത്തുമ്പോൾ എല്ലാ രംഗങ്ങളിലും ആലപ്പുഴ ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം. 2018-19 ൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ലേബർ ബജറ്റ് അനുസരിച്ച് 4783609 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിക്കേണ്ടിയിരുന്നത്. 2018 നവംബർ വരെ 6642434 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു കൊണ്ട് സംസ്ഥാനത്തിനു തന്നെ മാതൃകയായി ജില്ല മാറി . കേരളം അതിജീവിച്ച പ്രളയ കാലഘട്ടത്തിൽ രണ്ടു മാസം പൂർണ്ണമായും പ്രവൃത്തികൾ നിർത്തി വെയ്‌ക്കേണ്ട സാഹചര്യമുണ്ടായെങ്കിലും ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം കൈവരിക്കുവാൻ കഴിഞ്ഞു. തൊഴിൽ കാർഡുള്ള സജീവ തൊഴിലാളികളിൽ (മുൻ വർഷങ്ങളിൽ ഒരു ദിനമെങ്കിലും പ്രവൃത്തിയെടുത്തവർ) 80ശതമാനം അധികം പേർക്കും തൊഴിൽ നൽകുവാൻ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആകെയുള്ള 1,69,238 സജീവ തൊഴിലാളികളിൽ 1,36,168 കുടുംബങ്ങൾക്ക് തൊഴിൽ നൽകി കൊണ്ട് വൻ കുതിച്ചു ചാട്ടമാണ് ജില്ല നടത്തിയത് . ഇതുവരെ 190.15 കോടി രൂപ വേതനയിനത്തിൽ ചെലവഴിച്ചുകഴിഞ്ഞു.

സാമ്പത്തിക വർഷത്തിന്റെ ആദ്യ 8 മാസം പിന്നിടുമ്പോൾ 4582 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകുവാൻ സാധിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുള്ള ബ്ലോക്കുകൾ പട്ടണക്കാട്, ഭരണിക്കാവ്, അമ്പലപ്പുഴ എന്നിവയാണ്. ഏറ്റവും പിന്നിൽ നിൽക്കുന്ന ബ്ലോക്കുകൾ ചമ്പക്കുളം, ചെങ്ങന്നൂർ, വെളിയനാട് എന്നിവയാണ്. തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് തുറവൂർ, ആറാട്ടുപുഴ, പുറക്കാട്, വയലാർ എന്നീ ഗ്രാമപഞ്ചായത്തുകളാണ്. പിന്നിൽ നിൽക്കുന്നത് വീയപുരം, കൈനകരി, വെൺമണി, കാവാലം ഗ്രാമപഞ്ചായത്തുകളും. ആര്യാട് ബ്ലോക്കിലെ മുഹമ്മ ഗ്രാമപഞ്ചായത്ത് 582 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തും മുതുകുളം ബ്ലോക്കിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 520 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി സംസ്ഥാനത്ത് നാലാം സ്ഥാനത്ത് നിൽക്കുന്നു. ഒരു തൊഴിലാളിക്കുപോലും 100 ദിവസം തൊഴിൽ നൽകുവാൻ സാധിക്കാത്ത ഗ്രാമപഞ്ചായത്തുകൾ എടത്വ, കൈനകരി, നെടുമുടി, ആല, തിരുവൻവണ്ടുർ, മാന്നാർ, കാവാലം, നീലം പേരൂർ, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട് എന്നിവയാണ്.

ദുർബ്ബലവിഭാഗമായ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി 200 തൊഴിൽ ദിനങ്ങൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കുറവ് പട്ടിക വർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന ജില്ലയാണ് ആലപ്പുഴ. എങ്കിലും 166 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് 100 ദിവസത്തിലധികം തൊഴിൽ നല്കുവാൻ സാധിച്ചിട്ടുണ്ട്. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കുന്ന കാര്യത്തിൽ ജില്ല സംസ്ഥാനത്തിന് മാതൃകയായി ഒന്നാം സ്ഥാനം കൈവരിച്ചു. ആരംഭിച്ച പ്രവൃത്തികളിൽ 99 ശതമാനം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ജില്ലയ്ക്ക് കഴിഞ്ഞു.

കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന മുഖ്യധാര പ്രവൃത്തികളായ അംഗനവാടികളുടെ നിർമ്മാണം ,കുളങ്ങളുടെ നിർമ്മാണം ,കമ്പേസ്റ്റ് പിറ്റുകൾ എന്നിവയിൽ സംസ്ഥാനത്ത് മുന്നിട്ട് നിൽക്കുന്നത് ആലപ്പുഴ ജില്ലയാണ്. പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ജനോപകാരപ്രദമായ പ്രവർത്തനങ്ങളാണ് ഈ ജില്ലയിൽ നിർവ്വഹിച്ചു വരുന്നത്. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ”ലൈഫ് ” ഗുണഭോക്താക്കൾക്ക് വീടു നിർമ്മാണ സാമഗ്രികൾ സൗജന്യമായി ഉത്പാദിപ്പിച്ചു നൽകുന്നതിനുള്ള ബ്രിക്ക് മേക്കിങ് യൂണിറ്റുകൾ ജില്ലയിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
ക്ഷീരവികസന വകുപ്പുമായി സംയോജിപ്പിച്ച് പ്രളയത്തിൽ കാലിത്തൊഴുത്തുകൾ നഷ്ടപ്പെട്ടുപോയ ക്ഷീരകർഷകർക്ക് തൊഴുത്തുകൾ നിർമ്മിച്ചു നൽകും . കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് ഉയർന്ന തട്ടിലുള്ള തൊഴുത്തുകൾ നിർമ്മിക്കുവാൻ പ്‌ളാനും എസ്റ്റിമേറ്റും തയ്യാറായി കഴിഞ്ഞു. തൊഴുത്തുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും .
കുട്ടംപേരൂർ , വരട്ടാർ , ഉത്തരപ്പിള്ളി , താമരച്ചാൽ തുടങ്ങിയ ജലസ്രോതസ്സുകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഈ വർഷവും തുടരും . കഞ്ഞിക്കുഴി ബ്‌ളോക്കിലെ കരിപ്പേൽചാൽ ആഴം കൂട്ടി മാലിന്യങ്ങൾ നീക്കം ചെയ്ത് ജല പ്രവാഹം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ പൂർത്തിയാക്കും .
ആലപ്പുഴ -ചേർത്തല കനാൽ പുനരുജ്ജീവനത്തിനായുള്ള വിശദമായ പഠനവും സർവ്വേ പ്രവർത്തനങ്ങളും ഈ വർഷം പൂർത്തിയാക്കും . ചെറുകിട ജലസേചന വകുപ്പ് , മണ്ണ് സംരക്ഷമ വകുപ്പ് എന്നിവയുമായി ചേർന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ഈ വർഷം തന്നെ അംഗീകാരം വാങ്ങും. അടുത്ത സാമ്പത്തിക വർഷം ഈ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് .അന്താരാഷ്ട്ര പരിതസ്ഥിതി ദിനമായ 2019 ജൂൺ അഞ്ചിന് ജില്ലയിൽ 17 ലക്ഷം വൃക്ഷത്തൈകൾ നടുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനാവശ്യമായ വൃക്ഷത്തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചു കഴിഞ്ഞു.
വിപണന സാധ്യതയുള്ളതും വേഗത്തിൽ വളരുന്നതും ഏഴു വർഷത്തിനുള്ളിൽ ആദായം എടുക്കുവാൻ കഴിയുന്നതുമായ മുള ഇനങ്ങൾ വ്യപകമായി കൃഷി ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ കേരള സംസ്ഥാന ബാംബൂ മിഷനുമായി ചേർന്ന് നടപ്പാക്കുവാൻ തീരുമാനിച്ചു. തീരദേശത്തിനും ഇടനാടിനും അനുയോജ്യമായ വ്യത്യസ്തങ്ങളായ മുളയിനങ്ങൾ നട്ടുപിടിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.വിനോദിനി അറിയിച്ചു.