സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും ഒറ്റത്തവണ സ്‌കോളർഷിപ്പും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ചു. നിലവിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്‌കരിച്ച് ധനസഹായം ഉയർത്തുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രഖ്യാപനമുണ്ടാവുന്നതോടെ ഇതു നിലവിൽവരും. ലോട്ടറിയിൽ നിന്നുള്ള വരുമാനം പൂർണമായി പൊതുജനത്തിന്റെ ആരോഗ്യസംരക്ഷണത്തിനു വിനിയോഗിക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫിസർ എസ്. അനിൽകുമാർ, ക്ഷേമനിധി ഓഫിസർ പി.ബി. വിനോദ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.എസ്. സുരേഷ്, എം.എ. ജോസഫ്, ലോട്ടറി തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.