ഭരണഘടന സാക്ഷരത ജനകീയവിദ്യാഭ്യാസ പരിപാടി ജില്ലാ സംഗമം കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂൾ ജൂബിലി ഹാളിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങൾ അരക്കിട്ടുറപ്പിക്കാൻ കഴിയണം. ഇതിനു വേണ്ട ശ്രമങ്ങളാണുണ്ടാവേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭരണഘടന അനുശാസിക്കും വിധമുള്ള അവകാശങ്ങൾ സ്ത്രീകൾക്കു ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ പറഞ്ഞു.
കേരള നിയമസഭ, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാമിഷൻ എന്നിവ സംയുക്തമായാണ് ഭരണഘടന സാക്ഷരത ജനകീയവിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 50 ലക്ഷം ആളുകളെ ഭരണഘടനയെക്കുറിച്ച് സാക്ഷരരാക്കുകയാണ്‌ലക്ഷ്യം. ഇതിനായി ഒരുലക്ഷം റിസോഴ്‌സ് പേഴ്‌സൺമാരെ തിരഞ്ഞെടുക്കും. ഇതിൽ എഴുപതിനായിരം പേർ തുല്യതാപഠിതാക്കളാണെന്നതാണ് പ്രത്യേകത. സംസ്ഥാനത്തെ 21,908 വാർഡുകളിലായി നടക്കുന്ന സാക്ഷരത പരിപാടി ജനുവരി 26നു സമാപിക്കും.
ഭരണഘടന സാക്ഷരതയോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്‌ലെറ്റ് എം.എൽ.എ. പ്രകാശനം ചെയ്തു. ഹയർസെക്കൻഡറി തുല്യത രണ്ടാംവർഷ ക്ലാസ് ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗം എ. ദേവകി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. വിജയകുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ റിസോഴ്‌സ് പേഴ്‌സൺ അഡ്വ. കിഷോർലാൽ ക്ലാസെടുത്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ്, കൗൺസിലർ അജി ബഷീർ, ഡയറ്റ് പ്രിൻസിപ്പാൾ ഇ.ജെ. ലീന, സീനിയർ ലക്ചറർ കെ.കെ. സന്തോഷ്‌കുമാർ, സാക്ഷരതമിഷൻ ജില്ലാ കോർഡിനേറ്റർ നിർമല റേച്ചൽ ജോയി, അസിസ്റ്റന്റ് കോർഡിനേറ്റർ സ്വയ നാസർ തുടങ്ങിയവർ സംസാരിച്ചു.
