കോലഞ്ചേരി:  മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വലമ്പൂര്‍ വാര്‍ഡില്‍  23-ാം നമ്പര്‍  അങ്കണവാടി ഹൈടെക്കായി. ശീതീകരിച്ച അങ്കണവാടി കെട്ടിടത്തിന്‍റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ നിര്‍വ്വഹിച്ചു. പൂര്‍ണ്ണമായും ശീതീകരിച്ച ക്ലാസ്സ് മുറിയിൽ കുരുന്നുകളെ ഏറെ ആകർഷിക്കുന്ന വിധത്തിൽ ശിശു സൗഹൃദ ചിത്രങ്ങൾ, കാർട്ടൂണുകൾ, കളിയുപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറി ടൈൽ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും വികസന ഫണ്ടിൽനിന്നും പത്തുലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടി കെട്ടിടം പുനർ നിർമിച്ചിട്ടുള്ളത്.
പൂര്‍ണ്ണമായും ശോച്യാവസ്ഥയിലായിരുന്നു കെട്ടിടം നിലനിന്നിരുന്നത്. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴുന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അങ്കണവാടി കെട്ടിടം പുനർനിർമിച്ച സ്വീകരിക്കാൻ തീരുമാനിച്ചത്. കൂടാതെ
ഐരാപുരം എസ് എസ് വി കോളേജിലെ 1998-2001 ബാച്ചിലെ ബി.കോം വിദ്യാര്‍ത്ഥികൾ തങ്ങളുടെ സഹപാഠിയായിരുന്ന രഞ്ജിത് കടമ്പനാലിന്‍റെ സ്മരണയ്ക്കായി അങ്കണവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വടവുകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന വലമ്പൂർ അങ്കണവാടി നിരവധി തവണ മികച്ച അങ്കണവാടികൾക്കുള്ള ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരവും നേടിയിട്ടുണ്ട്.
പൂർണമായും ഡിജിറ്റലൈസ് ചെയ്ത  ക്ലാസ്സ് റൂമിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍  ജോര്‍ജ് ഇടപ്പരത്തി നിര്‍വ്വഹിച്ചു. ക്ലാസ്മുറിയിൽ സ്ഥാപിച്ച എ.സി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈസ് പ്രസിഡന്‍റ്  ഫിലിപ്പ് നിര്‍വ്വഹിച്ചു. അങ്കണവാടിയുടെ ചേർന്ന് കുട്ടികൾക്കായി നിർമ്മിച്ച കിഡ്സ് പാര്‍ക്കിന്‍റെ ഉദ്ഘാടനം ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനു ഇ. വര്‍ഗീസ് നിര്‍വ്വഹിച്ചു.
മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  അമ്മുക്കുട്ടി സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഡി പി ഒ പ്രീത ആര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സുനിത സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ അനില്‍, ഗ്രാമ പഞ്ചായത്ത് മെമ്പർ അരുൺ വാസു, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷൈനി കുര്യാക്കോസ്, നളിനി മോഹന്‍, പഞ്ചായത്ത് അംഗങ്ങളായ ബെറ്റീന എല്‍ദോ, ടി.ഒ പീറ്റര്‍, ബി. അജയകുമാര്‍, കെ.എച്ച് സുരേഷ്, ഇ.എ. അജി, ഷൈന്‍ ജോസഫ്, അങ്കണവാടി വര്‍ക്കര്‍ ഗിരിജ പി.എസ്, തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻ: പൂർണമായും ഹൈടെക് ആയ വലമ്പൂർ വാർഡിലെ 23 നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ആശാ സനിൽ നിർവഹിക്കുന്നു