കാക്കനാട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച എറണാകുളം മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെയും ഉണ്ണിയീശോയുടെയും തിരു സ്വരൂപത്തിൽ അണിയിച്ചിരുന്ന 24.950  പവൻ തൂക്കംവരുന്ന രണ്ട് സ്വർണ്ണ മാലകളുടെ പരസ്യ ലേലം ഈ മാസം 27ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വകയിരുത്തും. ലേല ദിവസത്തെ ഒരു ഗ്രാം സ്വർണത്തിന്റെ കമ്പോള വിലയോ ലേല പരസ്യ ദിവസത്തെ കമ്പോളവിലയോ ഏതാണ് കൂടുതൽ അത് അടിസ്ഥാന വിലയായി നിശ്ചയിച്ചായിരിക്കും പരസ്യലേലം. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കൃത്യസമയത്തുതന്നെ ലേല സ്ഥലത്ത് ഹാജരാകണം. ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകും. 176. 300 ഗ്രാം സ്വർണ്ണ മാലയുടെ നിരതദ്രവ്യം 26100 രൂപ. 20.650 ഗ്രാം സ്വർണ്ണ മാലയുടെ നിരതദ്രവ്യം 3100 രൂപയുമാണ്.
ഇവ വാങ്ങുന്നതിനായുള്ള ദർഘാസുകൾ നേരിട്ടോ തപാൽമാർഗമോ ഈ മാസം 26ന് വൈകിട്ട് നാല് മണിക്ക് മുൻപായി എറണാകുളം ജില്ലാ കളക്ടറുടെ ഓഫീസിൽ ലഭിക്കണം. ദർഘാസിനൊപ്പം ഓരോ ഇനത്തിനും നിരതദ്രവ്യമായി മേൽപറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ വാങ്ങിയ ഡിമാൻഡ് ഡ്രാഫ്റ്റ് അടക്കം ചെയ്യേണ്ടതാണ്. ദർഘാസുകൾ അടക്കംചെയ്ത കവറിനു മുകളിൽ പ്രളയ ദുരിതാശ്വാസമായി ലഭിച്ചിട്ടുള്ള സ്വർണ ഉരുപ്പടികൾ വാങ്ങാനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കണം. അപേക്ഷകരുടെ വ്യക്തമായ മേൽവിലാസവും ഫോൺ നമ്പറുകളും രേഖപ്പെടുത്തണം. ഓരോ ഇനത്തിനും  ദർഘാസുകൾ പ്രത്യേക കവറുകളിൽ അയക്കേണ്ടതാണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ ദർഘാസ് സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം ഉൾപ്പെടെ) ലേലം കൊണ്ടയാൾ ലേല സ്ഥലത്തുതന്നെ അടച്ച് രസീത് വാങ്ങേണ്ടതാണ്. ലേലം / ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതിയുമടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ഉരുപ്പടികൾ നീക്കം ചെയ്യേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഹാജരാക്കണം. ലേല വസ്തുക്കൾ ലേല ദിവസം രാവിലെ 10.30  മുതൽ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടി കളക്ടർ ജനറലിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.