കാക്കനാട്: നാഷണൽ എംപ്ലോയ്മെൻറ് സർവീസ് വകുപ്പിലെ വിവിധ തൊഴിൽ പദ്ധതികളിലെ സംരംഭകരുടെ ഉല്പന്നങ്ങളുടെ പ്രദർശന വിപണനമേള ‘ഉണർവ് 2018 ‘ കളക്ടറേറ്റിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ ഉദ്ഘാടനം ചെയ്തു.
കെസ്റു, ജോബ് ക്ലബ്ബ്, ശരണ്യ , കൈവല്യ എന്നീ സ്വയം തൊഴിൽ പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്. ഇതിലൂടെ തൊഴിൽ ആരംഭിക്കുകയും വിജയിക്കുകയും ചെയ്തവരുടെ ഉല്പന്നങ്ങളാണ് പ്രദർശനത്തിലുള്ളത്. നെറ്റിപ്പട്ടം, ഡോർ മാറ്റ്, ബാഗുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയും വിവിധ തരം പലഹാരങ്ങളും പ്രദർശന മേളയിലുണ്ട്. കൊക്കാപ്പിള്ളിയിലെ ഭിന്നശേഷികാർക്കുള്ള  സ്കൂൾ ഫെയ്ത്ത് ഇന്ത്യ, ചവറ സ്പെഷ്യൽ സ്കൂൾ, കരുണ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ഉല്പന്നങ്ങൾ മേളയ്ക്ക് മിഴിവേകുന്നു. സ്വയം തൊഴിലിനായി തയ്യൽ തെരഞ്ഞെടുത്തവർ തുന്നിയ വസ്ത്രങ്ങളും വില്പനക്കുണ്ട്.
മുനിസിപ്പൽ ചെയർപേഴ്സൺ ഷീല ചാരു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം.കെ.കബീർ ആദ്യ വില്പന നടത്തി. എംപ്ലോയ്മെന്റ് ഡപ്യൂട്ടി ഡയറക്ടർ എം എൻ പ്രഭാകരൻ പദ്ധതി അവലോകനം നടത്തി. കൗൺസിലർ രഞ്ജിനി ഉണ്ണി, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ കെ. വിജയൻ എന്നിവർ പങ്കെടുത്തു. മൂന്നു ദിവസമാണ് മേള. ദിന്ന ശേഷിക്കാർക്ക് മാത്രമായുള്ള തൊഴിൽ മേളയും ക്യാമ്പ് രജിസ്ട്രേഷനുമായ അതിജീവനം 2018 ഇന്ന് നടക്കും.