മമ്മൂട്ടി കഴിഞ്ഞാല്‍ അഭിനയത്തിലും സാമൂഹ്യപ്രതിബദ്ധതയിലും മാതൃകയാക്കാവുന്ന കലാകാരനാണ് ടൊവിനോ തോമസ് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരദാന ചടങ്ങിലാണ് വെള്ളിത്തിരയുടെ നക്ഷത്രലോകത്ത് നിന്ന് താരപ്പകിട്ടഴിച്ചു വച്ച് പ്രളയബാധിതര്‍ക്ക് കൈത്താങ്ങായവരില്‍ മുന്‍പന്തിയിലായിരുന്നു ടൊവിനോ എന്നും അദ്ദേഹം പറഞ്ഞത്.
ജീവിത പ്രയാസങ്ങളെ മറികടന്ന് നേട്ടങ്ങളുടെ തിളക്കത്തിലേക്ക് കടന്നു വന്ന കായിക താരമായ പി. യു. ചിത്ര സര്‍ക്കാരിന്റ വളര്‍ത്തുമകളാണ്. അസാധാരണ ജീവിതസാഹചര്യങ്ങളെ സധൈര്യം നേരിട്ട് ജീവിത വിജയം നേടിയവരാണ് യൂത്ത് ഐക്കണുകളായി മാറിയ പി.എസ്. കൃഷ്ണകുമാര്‍, ജോണ്‍സണ്‍ ആന്റണി, അരുണ്‍ എ. ഉണ്ണിത്താന്‍ എന്നിവര്‍ – മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ തലമുറയ്ക്ക് പ്രചോദനമായി മാറിയ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച മന്ത്രി യുവജനതയിലാണ് നാട് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്നും പറഞ്ഞു.