മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പെടെ എട്ട് സിനിമകള്‍ രാജ്യാന്തര മേളയുടെ മൂന്നാം ദിനമായഞായറാഴ്ച (ഡിസംബര്‍ 10) മത്സര വിഭാഗത്തില്‍  പ്രദര്‍ശനത്തിനെത്തും. കാട്ടിനുള്ളിലെ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ‘ന്യൂട്ടന്‍ കുമാര്‍’ എന്ന ചെറുപ്പക്കാരന്റെ ജീവിതാനുഭവങ്ങളിലേക്ക് ക്യാമറ തിരിക്കുന്ന അമിത് വി. മസുര്‍ക്കറുടെ ‘ന്യൂട്ടന്‍’, വ്യത്യസ്തമായ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി കഥയ്ക്കുള്ളില്‍ നിന്ന് പുതിയ കഥ വിരിയുന്ന ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ആഖ്യാനരീതി സ്വീകരിച്ചിരിക്കുന്ന സഞ്ജു സുരേന്ദ്രന്റെ ഏദന്‍, ദുരിതങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ കഥപറയുന്ന നിള മദ്ഹബ് പാണ്‌ഡെയുടെ ‘ഡാര്‍ക്ക് വിന്‍ഡ്’ എന്നിവയാണ് മത്സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍.

സെമി കപ്ലനൊഗ്ലുവിന്റെ ടര്‍ക്കിഷ് ചിത്രം ‘ഗ്രെയ്ന്‍’ വികലാംഗയായ പെണ്‍കുട്ടിയുടേയും അവളുടെ അമ്മയുടേയും ജീവിതം വിവരിക്കുന്ന ഇറാനിയന്‍ ചിത്രം ‘വൈറ്റ് ബ്രിഡ്ജ്’ വ്യവസായ നിരോധന കാലത്തെ ക്യൂബ പശ്ചാത്തലമാക്കിയുള്ള ജോണി ഹെന്‍ഡ്രിക്‌സിന്റെ കൊളംബിയന്‍ ചിത്രം ‘കാന്‍ഡെലേറിയ’, ഇല്‍ഗര്‍ നജാഫിന്റെ അസെര്‍ ബൈജാന്‍ ചിത്രം ‘പൊമെഗ്രനേറ്റ് ഓര്‍ച്ചാഡ്’  ആന്‍മേരി ജാസിറിന്റെ പലസ്തീനിയന്‍ ചിത്രം ‘വാജിബ്’ എന്നിവയാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
സ്ത്രീ സിനിമാ സംരംഭകര്‍ക്കായി ശില്‍പശാല 
രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സ്ത്രീ സിനിമാ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാല ഡിസംബര്‍ 12, 13 തീയതികളിലായി നടക്കും. ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ രാവിലെ 10ന് പരിപാടി ആരംഭിക്കും.