മൂവാറ്റുപുഴ: ജഡ്ജിയും വക്കീലും മറ്റ് കോടതി നടപടികളുമെല്ലാം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി മൊബൈൽ ലോക് അദാലത്ത് ശ്രദ്ധേയമായി. സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെയും ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മൊബൈൽ ലോക് അദാലത്ത് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്. ഹൈക്കോടതിയിൽ നിന്നെത്തിയ മൊബൈൽ ലോക് അദാലത്തിന്റെ വാഹനം കോടതിയിൽ കേസുകൾ തീർപ്പുകൽപ്പിക്കുന്നതെങ്ങനെയാണെന്ന് സ്കൂളിലെ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. വക്കീൽ ഫീസിനത്തിലും കേസിന്റെ ചിലവിനായും ഭാരിച്ച തുകയെടുക്കാൻ കഴിയാത്ത സാധാരണക്കാരന് സൗജന്യമായി കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയുമെന്നതും ഇവിടെ നിന്നും ലഭിക്കുന്ന വിധികൾ പരമോന്നത കോടതിയുടെ വിധിയ്ക്ക് തുല്യമാണെന്നതു മടക്കമുള്ള നിരവധി പുതിയ അറിവുകളാണ് വിദ്യാർത്ഥികൾക്ക് പരിപാടിയിലൂടെ ലഭിച്ചത്. സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി പാനൽ ജഡ്ജ് എൻ.സി ജോസഫ് , അഡ്വ.എം.എസ് അജിത്ത്, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ്.റ്റി, സ്കൂൾ പ്രിൻസിപ്പാൾ റോണിമാത്യു, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, പൗലോസ്.റ്റി, ഡോ.അബിത രാമചന്ദ്രൻ, കൃഷ്ണപ്രിയ, സൗമ്യ, സുധിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
