ആലപ്പുഴ: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമ്മാണ ത്തിന് ഹഡ്‌കോയിൽ നിന്നും ലഭിച്ച വായ്പ തുകയുടെ ആദ്യ ഗഡു ജില്ലയിൽ വിതരണം ചെയ്തു. 52 കോടി രൂപയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്കായി ഹഡ്‌കോ വായ്പയിനത്തിൽ വിതരണം ചെയ്തത്.
ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ വനനിർമ്മാണത്തിനായി ഹഡ്‌കോയിൽ നിന്നും 4000 കോടി രൂപയുടെ വായ്പ കേരളത്തിന് അനുവദിച്ചിരുന്നു. അതിന്റെ ഒന്നാം ഗഡുവായി 375 കോടി രൂപയാണ് ലഭിച്ചത്.അതിൽ 52 കോടി രൂപയും ആലപ്പുഴ ജില്ലയ്ക്കാണ് ലഭിച്ചത്. കരാറൊപ്പിട്ട് ആദ്യ ഗഡു കൈപ്പറ്റിയ ഗുണഭോക്താക്കൾ വീട് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയതിനാലാണ് വായ്പയുടെ ആദ്യ ഗഡു ജില്ലയിൽ ലഭിച്ചത്. വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ലൈഫ് മിഷൻ പ2തി പൂർണ്ണ വിജയമാക്കുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിച്ചു വരികയാണ്.
ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കാത്ത 2831 ഭവനങ്ങളിൽ 2606 എണ്ണം പൂർത്തിയായിരുന്നു. ബാക്കി 225 വീടുകൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. രണ്ടാംഘട്ടത്തിൽ അർഹരായ 10474 എണ്ണം ഗുണഭോക്താക്കളിൽ 8057 എണ്ണം കരാർവെച്ച് ഭവനനിർമ്മാണം ആരംഭിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾ പദ്ധതി വിഹിതത്തിൽ നിന്നും നീക്കിവച്ചിരുന്ന 20 ശതമാനം തുക ഉപയോഗിച്ചാണ് ആദ്യ ഗഡു വിതരണം ചെയ്തത്.
ആദ്യ ഗഡു ലഭിച്ച് നിർമ്മാണം ആരംഭിച്ച് ഗുണഭോക്താക്കൾക്ക് തുടർ ഗഡുക്കൾ നൽകുന്നതിനാണ് ഹഡ്‌കോ വായ്പ അനുവദിച്ചത്. ആരംഭിച്ച 7234 വീടുകളിൽ 100 വീടുകൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ 15 വീടുകൾ കുടുംബശ്രീ ഭവനനിർമ്മാണ യൂണിറ്റുകൾ നിർമ്മിച്ചു നല്കി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വീടിലും 90 തൊഴിൽദിനങ്ങളും 21 ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ സാമഗ്രികൾ നിർമ്മിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ഏറ്റെടുക്കുക. ആദ്യ ഘട്ടത്തിൽ ഭവനസമുച്ചയങ്ങൾ നിർമ്മിച്ച് ഭൂരഹിതരെ പുനരധിവസിപ്പിച്ച് ജീവനോപാധികൾ കൂടി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിൽ പറവൂരുള്ള രണ്ടേ കാൽ ഏക്കർ ഭൂമി ഭവനസമുച്ചയം നിർമ്മിക്കുന്നതിനായി വിട്ടുനൽകിയിട്ടുണ്ട്. സർവ്വെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.