ആലപ്പുഴ: ജില്ലാ രാസദുരന്ത നിവാരണ വിഭാഗത്തിന്റെ (കെമിക്കൽ എമർജൻസി) കാര്യക്ഷമത പരിശോധിയക്കുന്നതിനായി ചേപ്പാട് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (ബി.പി.സി.എൽ) മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. രാസ അപകടങ്ങൾ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തന രീതികൾ എന്നിവ പൊതുജനങ്ങൾ ഉൾപ്പടെയുള്ളവർക്കും മനസ്സിലാക്കി കൊടുക്കുവാനും വിവിധ വകുപ്പുകളുടെ കാര്യക്ഷമത അളക്കുവാനും വേണ്ടിയാണ് ജില്ലാ രാസ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഹരിപ്പാട് പ്രവർത്തിക്കുന്ന എൻ.റ്റി.പി.സി.യുടെ താപ വൈദ്യുത നിലയത്തിലേക്ക് നാഫ്ത എന്ന ഇന്ധനം സംഭരിച്ച് പമ്പിംഗ് നടത്തുന്ന ബി.പി.സി.എൽ.ന്റെ ഉടമസ്ഥതയിൽ ചേപ്പാടുള്ള ഫാക്ടറിയിൽ ഉണ്ടായ അടിയന്തിര സാഹചര്യം മുൻനിർത്തിയാണ് മോക്ക് ഡ്രിൽ നടത്തിയത്. ഫാക്ടറിയിൽ സംഭവിച്ച നാഫ്താ ചോർച്ച നിയന്ത്രണ വിധേയമാക്കുന്നതിലും പ്രാദേശിക വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വിവിധ സർക്കാർ വകുപ്പുകളുടെ മികവിന്റെ വിലയിരുത്തൽ കൂടിയായിരുന്നു ഈ മോക്ക് ഡ്രിൽ.

11.20ഓടെയാണ് പ്ലാന്റിൽ നിന്നും വാതക ചോർച്ച ഉണ്ടായത്. തുടർന്ന് എൻ.റ്റി.പി.സി.യുടെ രക്ഷാപ്രവർത്തകരെത്തി പ്രാഥമിക നടപടികൾ കൈക്കൊണ്ടു. എന്നാൽ വാതക ചോർച്ച നിയന്ത്രിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ കൂടെ സഹായം തേടിയതിനെത്തുടർന്ന് ജില്ലാ ഭരണകൂടം എല്ലാ സർക്കാർ വകുപ്പുകളെയും വിവരം അറിയിക്കുകയും നടപടികൾ തുടങ്ങുകയുമായിരുന്നു. ജില്ലാ ക്രൈസിസ് മാനേജ്മെന്റിൽ നിന്നും ലഭിച്ച വിവിരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സേനകളെത്തി 12.30ഓടെ പൂർണ്ണമായും വാതക ചോർച്ച അടച്ചു. ഇതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾ, പ്രാദേശ വാസികൾ എന്നിവരെ എൻ.റ്റി.പി.സി. സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു. രക്ഷാ പ്രവർത്തനത്തിൽ റവന്യൂ, പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ഇ.ബി., ചേപ്പാട് പഞ്ചായത്ത് ആരോഗ്യ വകുപ്പ്, ദേശീയ ദുരന്ത നിവാരണ സേന, ഐ.റ്റി.ബി.പി. നൂറനാട് യൂണിറ്റ് എന്നീ സർക്കാർ വിഭാഗങ്ങളും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ മീഡിയാ സെന്ററും ഇവിടെ സജ്ജീകരിച്ചിരുന്നു. ഇതിനു ശേഷമുള്ള അവലോകന യോഗം എൻ.റ്റി.പി.സി. ടൗൺഷിപ്പിൽ ചേർന്നു. പ്രതിവർഷം സംഘടിപ്പിക്കേണ്ട രാസദുരന്ത നിവാരണ മോക്ക് ഡ്രില്ലിന്റെ ഭാഗമായാണ് ഇന്നലെ മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഫാക്ടറിക്കുള്ളിലും പരിസരത്തുമായി അപകടം സംഭവിച്ച നാലു പേരെ പ്രാധമിക പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചു. ഇൻസിഡന്റ് കമാൻഡർ ഡിവൈ.എസ്.പി. ആർ. ബിനു, ജില്ലാ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇൻസ്പെക്ടർ പി. ജിജു, പ്ലാന്റ് ഇൻ-ചാർജ് ആർ. സുന്ദരേശൻ, സി.ഐ.എസ്.എഫ്. ലീഡിംഗ് ഓഫീസർ ഷിജോ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. തുടർന്ന് എൻ.ടി.പി.സിയിൽ അവലോകന യോഗം ചേർന്ന്് പ്രവർത്തനങ്ങൾ വിലയിരുത്തി. അവലോകന യോഗത്തിൽ വാർഡ് അംഗങ്ങളും സന്നിഹിതരായി.