ചെങ്ങന്നൂർ: ക്ലാസ്മുറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പഠനനിലവാരം ഉയർത്തുന്നതിനുമുളള പണം കണ്ടെത്തുകയാണ് അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂൾ വിദ്യാർത്ഥികൾ.കേരള സർക്കാരിന്റെ ജീവകാരുണ്യ പദ്ധതിയായ കാരുണ്യ ലോട്ടറിയുടെ വരിക്കാരായാണ് ഇവർ തങ്ങളുടെ ക്ലാസ്സ് മുറികളുടെയും പഠന നിലവാരം ഉയർത്തുന്നതിനുള്ള പണം കണ്ടെത്തുന്നത്. ആകെ പത്ത് ഡിവിഷനുളള സ്‌ക്കൂളിൽ ഒരു ഡിവിഷനിൽ ആഴ്ചയിൽ ഒന്ന് എന്ന നിലയിലാണ് ടിക്കറ്റ് എടുക്കുന്നത്. ശരാശരി 25 വിദ്യാർത്ഥികളുളള ക്ലാസ്സിൽ ഒരു കുട്ടി ഒന്നുമുതൽ രണ്ടുരൂപ വരെ ഇതിനായി ചിലവഴിക്കും. ഈ നിധിസമാഹരണം കൊണ്ട്് ടിക്കറ്റിനുളള പണംലഭിച്ചില്ലെങ്കിൽ ക്ലാസ് ടീച്ചർ സഹായിക്കും. സമ്മാനത്തുകയും അതാതു ക്ലാസ്മുറികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ചെലവഴിക്കാനാണ് തീരുമാനം. ലോട്ടറിയിലൂടെ നിർദ്ധനരായ രോഗികളുടെ ചികിത്സാ സഹായത്തിൽ പങ്കാളികളാകുവാനും അതുവഴി സ്വന്തം ക്ലാസ്സ് മുറികളുടെ നിലവാരം ഉയർത്തുന്നതിനുളള ആശയം പ്രഥമ അദ്ധ്യാപകനായ എം. സുനിൽകുമാറിന്റേതാണ്. .പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ബി.പി.ഒ ജി.കൃഷ്ണകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ എസ്.എം.സി ചെയർമാൻ ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം സുനിൽകുമാർ, മുൻസിപ്പൽ കൗൺസിലർ കെ.എൻ ഹരിദാസ്, മാതൃസംഗമം പ്രസിഡന്റ് ബിന്ദു, അധ്യാപക പ്രതിനിധി എൻ. ഓമനക്കുട്ടൻ, സ്റ്റാഫ് സെക്രട്ടറി സജി എലിസബത്ത് എന്നിവർ പ്രസംഗിച്ചു.