നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാലയ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. കോട്ടനാട് യുപി സ്‌കൂളിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി. സീനത്ത് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കായി തയ്യാറാക്കിയിട്ടുളള ആരോഗ്യ കലണ്ടർ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുഗേഷ് കുമാർ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. പ്രീത പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് കെ. ഇല്ല്യാസ്, വാർഡ് മെമ്പർ പ്രതീജ, ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഡോ. രാജ്‌മോഹൻ, സ്റ്റാഫ് സെക്രട്ടറി കെ. പ്രവീൺ, ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ട് സി. രജനി, പദ്ധതി കൺവീനർ ഡോ. വി.പി. ആരിഫ എന്നിവർ സംസാരിച്ചു. ആഹാരം തന്നെ ഔഷധം എന്ന വിഷയത്തിൽ ഡോ. കെ. ഷബീൽ ഇബ്രാഹിം ക്ലാസ്സെടുത്തു.
വിദ്യാർഥികൾക്കായി ആയുർവ്വേദശാസ്ത്രം അനുശാസിക്കുന്ന സ്വസ്ഥവൃത്തം, ആഹാരവിധികൾ, വിളർച്ചാരോഗനിർണ്ണയം മുതലായവയെക്കുറിച്ചുളള പഠനക്ലാസ്സുകളും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പരിശീലന ക്ലാസ്സുകളും യോഗ ക്ലാസ്സുകളും ഔഷധസസ്യ പരിചയ-വിതരണവും പദ്ധതിയുടെ ഭാഗമായി നടക്കും.