ആലപ്പുഴ: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാമത്തേത് വർഗീയതയാണെന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരൻ പറഞ്ഞു. രണ്ടാമത്തെ വെല്ലുവിളി അഴിമതിയാണ്. വർഗീയകലാപത്തിൽ ഒരിക്കൽകൂടി രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ റിക്രിയേഷൻ മൈതാനിയിൽ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടന രൂപപ്പെട്ടിട്ട് ആദ്യത്തെ മൂന്ന് നാല് പതിറ്റാണ്ടുകൾ ഭരണകൂടത്തിന് വർഗീയതയുടെ ഭീഷണി ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഭരണകൂടത്തെപ്പോലും വർഗീയത സ്വാധീനിക്കാൻ ശ്രമിക്കുന്ന അപകടകരമായ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. അതു തിരുത്തുവാനുള്ള അവകാശം ജനങ്ങളിൽ നിക്ഷിപ്തമാണ്. വർഗീയതയ്‌ക്കെതിരെ ഏവരും ജാഗ്രത പാലിക്കേണ്ട കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു.
രാജ്യം നേരിട്ട ആഭ്യന്തരവും വൈദേശികവുമായ ഭീഷണികളെ നേരിടാൻ കഴിഞ്ഞത് ഭരണഘടനയുടെ ശക്തികൊണ്ടാണ്. ഭരണഘടനയ്‌ക്കെതിരെയുള്ള ഏതു വെല്ലുവിളികളെയും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. വർഗീയതയ്ക്കും അഴിമതിക്കുമെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർത്തെഴുന്നേൽപ്പ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഇതുവരെയുള്ള മുന്നേറ്റം അഭിമാനകരവും പ്രതീക്ഷ നൽകുന്നതുമാണ്.
ജനസംഖ്യയിൽ ഗണ്യമായ വിഭാഗമായ വിദ്യാർഥി സമൂഹത്തിലെ ചലനാത്മകമായ മാറ്റങ്ങൾ വലിയ പ്രതീക്ഷ നൽകുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ അവർ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ഈ വിദ്യാർത്ഥി സമൂഹം എല്ലാത്തരം തൊഴിലും ചെയ്യാൻ താൽപര്യമുള്ളവരാണ്. ശൂന്യാകാശത്ത് പോകുന്നതു മുതൽ ശാസ്ത്രജ്ഞരാകാനും കൃഷിക്കാരനാവാനും പട്ടാളക്കാരനാവാനും വിമാനം പറത്താനും അവർ സജ്ജരാണ്. എല്ലാത്തരം തൊഴിലും മാന്യതയോടെ ചെയ്യാൻ അവർ സന്നദ്ധരാകുന്നു.
തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതിയമായി ഹീനമെന്ന് മുദ്രകുത്തപ്പെട്ട ഒരു വലിയ സമൂഹം ആയിരക്കണക്കിന് വർഷം ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിനെ അതിജീവിച്ചു. തൊഴിലും ജാതിയും തമ്മിൽ ബന്ധമില്ലാതായി. സന്തുലിതവും സമഗ്രവും തുല്യതയിലൂന്നിയുമുള്ള ഒരു സമൂഹമായി നാം വളർന്നു വരികയാണ്. ഇന്നത്തെ ദിവസത്തെ അഭിമാനത്തോടെയാണ് കാണേണ്ടത്. യുദ്ധം, ആഭ്യന്തരകലാപം, സുനാമി, വെള്ളപ്പൊക്കം തുടങ്ങി പലതിനെയും രാജ്യം അതിജീവിച്ചു. അതിന് സഹായകമായത് നമ്മുടെ ഭരണഘടനയുടെ ശക്തിയാണ്. ഇത്തരം ഭരണഘടന സമ്മാനിച്ചതിന് സ്വാതന്ത്ര്യ സമര രക്തസാക്ഷികൾ, മഹാത്മാഗാന്ധി, ഭരണഘടന ശിൽപി അംബേദ്കർ തുടങ്ങിയ മഹാത്മാക്കളെ ഈയവസരത്തിൽ സ്മരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രൗഡമായ അന്തരീക്ഷത്തിലായിരുന്നു 70 -ാമത് റിപ്പബ്ലിക് ദിനം ജില്ലയിൽ ആഘോഷിച്ചത്. രാവിലെ എട്ടരയോടെ പൊലീസ് അകമ്പടിയോടെ മൈതാനിയിൽ എത്തിയ മന്ത്രിയെ ജില്ലാ കളക്ടർ എസ്.സുഹാസും ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രത്യേക വേദിയിൽ രാവിലെ 8.30 ന് മന്ത്രി ദേശീയ പതാക ഉയർത്തി. പരേഡ് കമാൻഡർ സുധിലാലിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ സഞ്ചരിച്ച് അദ്ദേഹം പരേഡ് പരിശോധിച്ചു. സായുധ സേന,ലോക്കൽ-വനിത പോലിസ്, എക്സൈസ്, അഗ്‌നിശമന രക്ഷാസേന എന്നിവയ്ക്കുപുറമേ ജില്ലയിലെ വിവിധ സ്‌കൂൾ-കോളേജുകളിലെ എൻ.സി.സി, സ്റ്റുഡന്റ്സ് പോലിസ്,സ്‌കൗട്ട് ആന്റ് ഗൈഡ്സ്, റെഡ്ക്രോസ് പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. പാലക്കാട് കെ.എ.പി രണ്ടാം ബറ്റാലിയൻ ബാന്റ് സംഘത്തെ നയിച്ചു. ബാൻഡ് വാദ്യത്തിൽ ഏഴ് സ്‌കൂളുകളിലെ ബാൻഡ് സംഘവും അണി ചേർന്നു.
എൻ.സി.സി സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ പോളിടെക്നിക് കോളേജ്,പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്‌സ് കോളേജ്, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ടി.ഡി.എച്ച് എസ്്, പെൺകുട്ടികളുടെ വിഭാഗത്തിൽ ടി.ഡി. എച്ച്.എസ്. എന്നിവ മികച്ച പ്ലാറ്റൂണുകൾക്കുള്ള എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.മികച്ച ഗൈഡസ്, ബുൾബുൾ എന്നിവയ്ക്കുള്ള ട്രോഫികൾ ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളും എച്ച്.എസ്. മികച്ച ബാൻഡ് ട്രൂപ്പിനുളള ട്രോഫി മാതാ സീനിയർ സെക്കൻഡറി സ്‌കൂളും യു.പി. വിഭീഗത്തിൽ മോർണിങ് സ്റ്റാർ യു.പി.എസും നേടി. വിജയികൾക്കുള്ള ട്രോഫികൾ മന്ത്രി വിതരണം ചെയ്തു. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനികൾ ദേശീയ ഗാനാലാപനം നടത്തി. സജി ചെറിയാൻ എം.എൽ.എ, ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരജ്ഞൻ, സബ്ബ് കളക്ടർ കൃഷ്ണ തേജ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങി ആയിരങ്ങളാണ് പരേഡ് വീക്ഷിക്കാനെത്തിയത്.