പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപകരും ഇടപാടുകാരുമായി യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഉമയനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുല്ലിച്ചിറ തെക്കുംകര ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കണമെന്ന് പുതിയ തലമുറ ആഗ്രഹിക്കുന്നു. സ്മാര്‍ട്ട് ഫോണിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ കഴിയുന്ന വിധത്തില്‍ പ്രാഥമിക ബാങ്ക്തലം വരെ സഹകരണ മേഖല മാറണം. പുതുതലമുറ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും നല്‍കുന്ന ആധുനിക സേവനങ്ങളും സൗകര്യങ്ങളും നല്‍കാന്‍ സഹകരണ ബാങ്കുകളും പ്രാപ്തമാകണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരള ബാങ്കുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരള ബാങ്കിനെതിരായി വരുന്ന വാര്‍ത്തകള്‍ വ്യാജപ്രചരണങ്ങളുടെ ഭാഗമാണ്.
ഭീമന്‍ ബാങ്കുകള്‍ മാത്രം മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ നയം സാധാരണക്കാര്‍ക്ക് ബാങ്കിംഗ് അപ്രാപ്യമാക്കും. വന്‍കിടക്കാര്‍ക്ക് മാത്രമാണ് ഇത്തരം ബാങ്കുകള്‍ പ്രയോജനപ്പെടുക. സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെ ആവശ്യം നിറവേറ്റുന്ന നിലയിലേക്ക് ഉയരണം.
ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മനുഷ്യസാധ്യമായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഭാവിക്കുമായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ദുരന്തങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന സാഹചര്യം ആശ്വാസ്യമല്ലെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ലോക്കര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിളള നിര്‍വഹിച്ചു. പുല്ലിച്ചിറ ഇടവക വികാരി അരുണ്‍. പി. ആറാടന്‍ ആദ്യനിക്ഷേപം നല്‍കി. ബാങ്ക് പ്രസിഡന്റ് എസ്. ഫത്തഹുദ്ദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ എസ്.രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്‍, സഹകരണ ബാങ്ക് ജോയിന്റ് രജിസ്ട്രാര്‍ എ. ഷീബാ ബീവി, ജോയിന്റ് രജിസ്ട്രാര്‍(ഓഡിറ്റ്) ഡി. പ്രസന്നകുമാരി, അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രവീണ്‍ദാസ്, ഡി. ബാലചന്ദ്രന്‍, ശ്രീസുതന്‍, ലെസ്‌ലി ജോര്‍ജ്, ഡാര്‍ലമെന്റ് വി. ഡിസ്മാസ്, എ.എം. ഹാഷിം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എന്‍. സന്തോഷ്, എ. ബാലചന്ദ്രന്‍, എ. ഷാനവാസ്ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.